കൊച്ചി: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം.
ആശാവർക്കർമാരെ അധിക്ഷേപിച്ച കെ.എൻ. ഗോപിനാഥിന്റെ പരാമർശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആർ സിന്ധു പറഞ്ഞു. ‘സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല’ എന്നിങ്ങനെയായിരുന്നു കൊച്ചിയിൽ കെ.എൻ. ഗോപിനാഥിന്റെ അധിക്ഷേപ പരാമർശം. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആശ വർക്കർമാരുടെ സമരത്തിനുള്ളതെന്ന് എ.ആർ സിന്ധു പറഞ്ഞു.
സമരം ചെയ്യുന്നത് സ്ത്രീകൾ ആകുമ്പോൾ ബഹുമാനത്തോടെയല്ലാതെ വാക്കുകൾ ഉപയോഗിക്കുന്നത് സി.ഐ.ടി.യു നയം അല്ല. കേന്ദ്രസർക്കാറിന്റെ ചുമതല മറച്ചുവെച്ചുകൊണ്ടാണ് സമരം കൊണ്ടുപോകുന്നത്.എല്ലാ സംസ്ഥാനങ്ങളിലും ഇൻസെന്റിവുകൾ മുടങ്ങി കിടക്കുകയാണ്. സംസ്ഥാന വിഹിതങ്ങൾ ഒരു കാരണവുമില്ലാതെ കേന്ദ്രം തടഞ്ഞു വെക്കുന്നു.
അടിസ്ഥാന പ്രശ്നങ്ങൾ മറച്ചു വച്ചാണ് സമരം. സമരം കളങ്കമറ്റതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും അവർ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് അംഗണവാടി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും സിന്ധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.