ഡോ. ബി. അശോക്
ഡോ. ബി. അശോകിനെ സ്ഥലംമാറ്റിയത് വീണ്ടും സ്റ്റേ ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ; കൃഷി വകുപ്പിൽ തുടരാൻ നിർദേശം
കൊച്ചി: ഡോ. ബി. അശോകിനെ വീണ്ടും സ്ഥലംമാറ്റിയ കേരള സർക്കാർ നടപടി സ്റ്റേ ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. കൃഷി വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലേക്ക് (പി ആൻഡ് എ.ആർ.ഡി) മാറ്റിയ നടപടിയാണ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. കൃഷി വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി പദവിയിൽ തുടരാൻ അശോകിനോട് ട്രൈബ്യൂണൽ നിർദേശിച്ചു.
ട്രൈബ്യൂണൽ കേസ് പരിഗണിക്കാനിരിക്കെ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് ചൊവ്വാഴ്ച രാത്രിയാണ് ബി. അശോകിനെ രണ്ടാം വട്ടവും സർക്കാർ സ്ഥലം മാറ്റിയത്. ഇത് ചോദ്യം ചെയ്താണ് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ ബി. അശോക് വീണ്ടും സമീപിച്ചത്. കേസ് സെപ്റ്റംബർ 23ന് വീണ്ടും ട്രൈബ്യൂണൽ പരിഗണിക്കും.
അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാനായി ആഗസ്റ്റ് 30ന് നിയമിച്ച സർക്കാർ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതോടെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി അശോകിന് തുടരാമെന്നിരിക്കെയാണ് പി ആൻഡ് എ.ആർ.ഡിയിലേക്ക് മാറ്റിയത്.
കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റിയത്. നേരത്തെ, ഡെപ്യൂട്ടേഷൻ തസ്തികയായ തദ്ദേശ ഭരണ പരിഷ്കരണ കമീഷണർ പദവി നൽകിയത് ബി. അശോക് ചോദ്യം ചെയ്തിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.