കണ്ണൂർ: കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ ഗുപ്കർ സഖ്യത്തിന്‍റെ വക്താവുമായ മുഹമ്മദ് യൂസുഫ് തരിഗാമി. പാർട്ടി കോൺഗ്രസിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്ക് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരിക്കുകയാണ്. വളരെ പഴയൊരു കേസിന്‍റെ പേരിലാണ് ഇപ്പോഴത്തെ നോട്ടീസ്. മുൻമുഖ്യന്ത്രി മഹ്ബൂബ മുഫ്തിയുടെ മാതാവും മുൻകേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സൈദിന്‍റെ ഭാര്യയുമായ ഗുൾഷൻ എന്ന പ്രായംചെന്ന സ്ത്രീയെ പോലും ഇ.ഡി അന്വേഷണത്തിന്‍റെ പേരിൽ പീഡിപ്പിക്കുകയാണ്. കശ്മീർ ജനതയെ ഇന്ത്യയോട് ചേർത്തുനിർത്തുന്ന കശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തോടുള്ള അവഹേളനമാണിത്. കേന്ദ്രത്തിന്‍റെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്തവർക്കെല്ലാം ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന സന്ദേശമാണ് ഇത് കശ്മീർ ജനതക്ക് നൽകുന്നത്. ഇത്തരം നീക്കങ്ങൾ കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുംവിധമുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കാൻ സഹായിക്കില്ല.
എതിരഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. 370 വകുപ്പ് നീക്കിയതിന് ശേഷം സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിച്ചുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
എന്നാൽ, ഇതാണ് കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. നേരത്തേ മുതൽതന്നെ യു.എ.പി.എയും ദേശസുരക്ഷാ നിയമവുമൊക്കെ ഒരു ലക്കും ലഗാനുമില്ലാതെ ഉപയോഗിക്കപ്പെടുന്ന ഇടമാണ് കശ്മീർ. മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ജനത ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം. കശ്മീരികൾക്ക് അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെങ്കിലും അനുവദിക്കണം. ഞങ്ങൾ പ്രകോപിതരാകില്ല. ഞങ്ങൾ ജനാധിപത്യ സംവിധാനത്തിലൂടെ മാത്രമേ മുന്നോട്ടുപോകൂവെന്നും തരിഗാമി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.