തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയതോടെ, സംസ്ഥാനത്തും ഇതിനുള്ള മുന്നൊരുക്കം വൈകാതെ ആരംഭിക്കും. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന സെൻസസിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചശേഷമായിരിക്കും കടക്കുകയെന്ന് സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.
സാധാരണ 10 വർഷത്തിലൊരിക്കലാണ് സെൻസസ് നടത്തുന്നത്. അവസാനമായി സെൻസസ് നടത്തിയത് 2011ൽ ആയിരുന്നു. 2021ൽ അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രം നീട്ടിവെച്ചു. സെന്‍സസ് 2021ന് വേണ്ടി റവന്യൂ ജില്ലയെ മേഖലകളായി തിരിച്ചുള്ള സെന്‍സസ് പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. സമാനമായ ഒരുക്കങ്ങളാകും ഇനിയും നടത്തുക.
നഗരസഭ, മുനിസിപ്പാലിറ്റി, കന്റോണ്‍മെന്റ് എന്നിവയെ നഗരമേഖലയാക്കിയും ഇതര പ്രദേശങ്ങളെ ഗ്രാമീണ മേഖലയായും തിരിച്ചായിരിക്കും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. റിസര്‍വ് വനം, വന്യജീവി സങ്കേതം, ദേശീയോദ്യാനം എന്നിവ ഒഴിവാക്കി വില്ലേജടിസ്ഥാനത്തിലാണ് റവന്യൂ താലൂക്കിനെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിഭജിക്കുക. ചെറുപട്ടണങ്ങളെയും പഞ്ചായത്തുകളെയും വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും തിരിക്കുക.
എന്യൂമറേഷന് ബ്ലോക്കായിരിക്കും ചെറിയ സെന്‍സസ് ഘടകം. വനമേഖലയെ ഡിവിഷനും റേഞ്ചും ബ്ലോക്കുമായി തിരിക്കും. കലക്ടറാണ് ജില്ലയുടെ സെന്‍സസ് ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഓഫിസര്‍. അദ്ദേഹത്തെ സഹായിക്കുന്നതിന് ഡെപ്യൂട്ടി കലക്ടറെ (ജനറൽ) ജില്ല സെന്‍സസ് ഓഫിസറായും നിയോഗിക്കും. വിവരശേഖരണത്തിന് അധ്യാപകരെയും വിവിധ സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരായും എന്യൂമറേറ്റര്‍മാരായും നിയോഗിക്കും. ഇവർക്കുള്ള പരിശീലന പരിപാടികളടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സെൻസസ് ഡയറക്ടറേറ്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.