കരുതലിന്റെ നിറവുമായി സി.ഡി.എം.ആര്‍.പി

തേഞ്ഞിപ്പലം: മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികൾക്കും അവരുടെ പ്രയാസമോർത്ത് നീറുന്ന രക്ഷിതാക്കൾക്കും അത്താണിയാണ് കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആൻഡ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം (സി.ഡി.എം.ആര്‍.പി).

സാമൂഹിക നീതി വകുപ്പും കാലിക്കറ്റ് സര്‍വകലാശാലയും ചേർന്ന് നടത്തുന്ന ഈ പദ്ധതിയിൽ 11,403 കുട്ടികള്‍ക്ക് ഏഴുവര്‍ഷമായി സൗജന്യ സേവനം നല്‍കിവരുന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്ക് ഏറെക്കാലമായി താങ്ങും തണലുമാണ് പദ്ധതി.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യൂപേഷനല്‍ തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഹ്രൈഡോ തെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍ എന്നിവരുടെ സേവനം ഒരു രൂപ പോലും ഈടാക്കാതെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ.

കണ്ണൂരില്‍ ആറ്, കോഴിക്കോട് ഒന്ന്, മലപ്പുറം നാല് എന്നിങ്ങനെയാണ് പ്രോഗ്രാം ക്ലിനിക്കുകള്‍. കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി ബ്ലോക്കിലാണ് സി.ഡി.എം.ആര്‍.പിയുടെ ആസ്ഥാനം. ഇവിടുത്തെ ക്ലിനിക്കില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ല അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ളവര്‍ എത്തുന്നുണ്ട്.

ഈ ക്ലിനിക്കില്‍ 30 ജീവനക്കാരുണ്ട്. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കുന്നത് സാമൂഹികനീതി വകുപ്പാണ്. നിലവില്‍ ആറായിരത്തോളം കുട്ടികളാണ് സര്‍വകലാശാലയിലെ ക്ലിനിക്കിനെ മാത്രം ആശ്രയിക്കുന്നതെന്നും ഇവരില്‍ 80 ശതമാനത്തോളം സാമ്പത്തിക പ്രയാസങ്ങളുള്ളവരാണെന്നും പ്രോഗ്രാം ജോയന്‍റ് കോഓഡിനേറ്റര്‍ എ.കെ. മിസ്ഹബ് പറഞ്ഞു.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍, പഠനവൈകല്യമുള്ളവര്‍, ചലന ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, സംസാരവൈകല്യമുള്ളവര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും സൗജന്യ സേവനം.

ജീവിതശൈലി മെച്ചപ്പെടുത്താനും സ്വയംപര്യാപ്ത നേടാനും പഠനവൈകല്യങ്ങള്‍ പരിഹരിക്കാനും ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനൊപ്പം 'എബിലിറ്റി കഫേ' പോലുള്ള സ്വയംസംരംഭ പദ്ധതികളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സി.ഡി.എം.ആര്‍.പിയുടെ ലക്ഷ്യം.

2016 ജൂലൈയിലാണ് പദ്ധതി തുടങ്ങിയത്. തുടക്കത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അഞ്ച് ക്ലിനിക്കുകളാണുണ്ടായിരുന്നത്. 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ ആറ് സെന്‍ററുകള്‍ കൂടി തുറന്നു. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാല മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്‍റ് ആൻഡ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് യുനസ്‌കോയുടെ അംഗീകാരവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - CDMRP with care for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.