തൃശൂർ: ബി.ജെ.പി സ്ഥാനാർഥിയാക്കുമെന്നാണ് വിശ്വാസമെന്ന് സി.പി.ഐ വിട്ട് ബി.ജെ.പിയിൽ ചേർന്ന നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ. ബി.ജെ.പിയിൽ അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്ഥാനാർഥിത്വം ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലല്ലോ' എന്ന ചോദ്യത്തിന് സ്ഥാനാർഥിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
'സ്ഥാനാർഥി ആയതുകൊണ്ടാണല്ലോ ഈ ഷാൾ ഒക്കെ ഇട്ടിരിക്കുന്നത്. എന്നെ അവർ ഉൾക്കൊണ്ടിരിക്കുന്നത് സ്ഥാനാർഥിയാക്കാനാണെന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ ഭൂരിപക്ഷത്തിനായുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നാട്ടിക മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ആളുകളെയും ഒന്നിച്ച് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ വികസനം നിങ്ങൾക്ക് പരിശോധിച്ചാൽ മനസിലാകും അതൊക്കെ പറഞ്ഞ് വോട്ടുതേടും' -സി.സി മുകുന്ദൻ പറഞ്ഞു.
കോൺഗ്രസുകാർ ഡൽഹിയിൽ കൊണ്ടു പോയി പറ്റിച്ചോ എന്ന ചോദ്യത്തിന് അവർ ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുമോ എന്ന് ചോദിച്ചു, അത് കഴിയില്ല എന്ന് താൻ വ്യക്തമാക്കിയെന്നും മുകുന്ദൻ അറിയിച്ചു. പ്രതിഷേധം രേഖപ്പെടുത്താൻ താൻ മത്സരരംഗത്ത് ഉണ്ടാകും എന്നാണ് പറഞ്ഞത്. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി തൃശൂർ ജില്ലാ ആസ്ഥാനമായ നമോഭവനിൽ എത്തിയാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർ മുകുന്ദനെ സ്വീകരിച്ചു. ബി.ജെ.പി നേതാക്കളോടൊപ്പമാണ് നമോഭവനിൽ സി.സി മുകുന്ദൻ മാധ്യമങ്ങളെ കണ്ടത്. നാട്ടികയിൽ രണ്ടാംവട്ടവും മത്സരിക്കാൻ സീറ്റ് നൽകാത്തതാണ് മുകുന്ദൻ പാർട്ടി വിടാൻ കാരണമായത്. ഇത്തവണ ഗീതാ ഗോപിയാണ് നാട്ടികയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. ഇവരുടേത് പേയ്മെന്റ് സീറ്റാണെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നമായിരുന്നു മുകുന്ദൻ ആദ്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.