കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റിപ്പാർപ്പിക്കുന്നത് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ലെന്ന് ഹൈകോടതി. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്പനാണെങ്കിൽ നാളെ മറ്റൊരാന ആ സ്ഥാനത്തേക്ക് വരില്ലേയെന്നും ചോദിച്ചു. ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും കോടതി പറഞ്ഞു.
അരിക്കൊമ്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം പിടികൂടി മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും പിടികൂടാതെ ആശങ്ക പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കണമെന്നും നിർദേശിച്ചു.
ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽനിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍, ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരുമെന്ന് കക്ഷി ചേർന്ന അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. 2003ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.
2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിൽ ഏഴുപേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നുവിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണ്. അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലെത്തി. പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.