തിരുവനന്തപുരം: പ്രതിസന്ധിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ബാങ്ക് പ്രതിനിധികളുടെ യോഗം തീരുമാനി ച്ചു.
യോഗത്തില്‍ ഫിഷറീസ്-കശുവണ്ടി വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി എന്നിവർ പങ്കെടുത്തു. പുതിയ വായ്പകള്‍ക്ക് ഒമ്പതു ശതമാനം ഏകീകരിച്ച പലിശ ഈടാക്കാനുള്ള തീരുമാനമാണ് പ്രധാനം. നിലവിലുള്ള വായ്പയുടെ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. പുനരുദ്ധരിക്കുന്ന യൂണിറ്റുകള്‍ക്ക് കേരള കാഷ്യു ബോര്‍ഡ് വഴി തോട്ടണ്ടി ലഭ്യമാക്കും.ഒറ്റത്തവണ തീര്‍പ്പാക്കലിന് ശുപാര്‍ശ ചെയ്യപ്പെട്ട 58 യൂണിറ്റുകളുടെ കാര്യം പുനഃപരിശോധിക്കുവാന്‍ തീരുമാനിച്ചു.
പലിശ കുറച്ചും പിഴപ്പലിശ ഒഴിവാക്കിയും ഈ യൂണിറ്റുകള്‍ പുനരുദ്ധരിക്കാന്‍ കഴിയും. പുതിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് വേണ്ടി 25 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ബാങ്കുകള്‍ എത്ര വായ്പ നല്‍കിയാലും പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.ആറ് കമ്പനികളുടെ കാര്യം അസറ്റ് റീസ്ട്രക്ചറിങ്ങ് കമ്മിറ്റിക്ക് വിട്ടിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 5 കമ്പനികളുടെ കാര്യവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരു യൂണിറ്റിന്റെ കാര്യവുമാണ് പുനഃപരിശോധിക്കുന്നത്. പ്രതിസന്ധിയിലായ യൂണിറ്റുകളുടെ സംസ്ഥാന നികുതി കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവയുടെ വിഹിതം കുടിശ്ശിക തീര്‍ക്കുന്നതിന് സാവകാശം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഫെബ്രുവരി 28ന് മുമ്പ് അമ്പത് ഫാക്ടറികള്‍ക്ക് പുനര്‍വായ്പ നല്‍കണമെന്ന നിർദേശം ബാങ്ക് പ്രതിനിധികള്‍ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.