പിണറായി വിജയൻ

‘മാധ്യമം’ വാർത്തക്കെതിരായ കേസ്: പൊലീസുകാർക്കെതിരെയുള്ള റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്റെ ചുവപ്പുനാടയിൽ

തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം സംബന്ധിച്ച് ‘മാധ്യമം’ ഓൺലൈൻ നൽകിയ വാർത്തക്കെതിരെ അഗളി പൊലീസ് എടുത്ത കേസിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ച അന്വേഷണ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ടുകളിന്മേൽ ആഭ്യന്തര വകുപ്പ് നടപടിയെടുക്കാൻ തയ്യാറാകാതെ നീട്ടിക്കൊണ്ടു പോകുകയാണ്.

ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി കയ്യേറ്റക്കേസിലെ പ്രതികളിലൊരാളായ ജോസഫ് കുര്യന്റെ പരാതിയിന്മേലാണ് അഗളി പൊലീസ് ‘മാധ്യമം’ ലേഖകൻ ആർ. സുനിലിനെതിരെ കേസെടുത്തത്. റിപ്പോർട്ടിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ അതിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം പോലും നൽകാൻ ആഭ്യന്തരവകുപ്പ് തയ്യാറല്ല. വിവരാവകാശ കമ്മീഷനു മുന്നിലും ഇതേ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. എന്നാൽ, റിപ്പോർട്ടിന്മേൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല.

അഗളി ഡി.വൈ.എസ്.പി മുരളീധരന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ സലീം ‘മാധ്യമം’ ലേഖകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കോടതിയിൽ നിന്ന് ഉത്തരവ് നേടിയിരുന്നു. ലേഖകനെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. എന്നാൽ, കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻറ് നൽകിയ പരാതിയെ തുടർന്ന് ഡി.ജി.പി. അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം മുൻ എസ്.പി. ശശിധരൻ നടത്തിയ ആദ്യ അന്വേഷണത്തിൽ അഗളി ഡി.വൈ.എസ്.പി. മുരളീധരനും എസ്.എച്ച്.ഒ. സലീമിനും അട്ടപ്പാടിയിലെ ഭൂമാഫിയ സംഘവുമായി ബന്ധമുണ്ടെന്നും അവരെ സഹായിക്കാനാണ് കേസെടുത്തതെന്നും കണ്ടെത്തി.

ഇതിന് പിന്നാലെ, പാലക്കാട് കലക്ടറുടെ നിർദേശപ്രകാരം ജില്ല പൊലീസ് മേധാവിയും തൃശൂർ ഡി.ഐ.ജിയും നടത്തിയ അന്വേഷണ റിപ്പോർട്ടുകളും ആഭ്യന്തര വകുപ്പിന് ലഭിച്ചു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും അഗളിയിൽ നിന്ന് സ്ഥലം മാറ്റിയത്. ഡി.ജി.പിയുടെ നിർദേശപ്രകാരം ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ തൃശൂർ സി.ആർ.പി.എഫ്. മുൻ കമാൻഡന്റ് ഷാഹുൽ ഹമീദിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. നിലവിൽ കോട്ടയം എസ്.പിയായ അദ്ദേഹം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസ് വിവാദമായതോടെ അഗളി പൊലീസ് കേസിൽ നിന്ന് പിൻവാങ്ങി. കോടതിയിൽ കേസ് അവസാനിപ്പിക്കുന്നതിന് റിപ്പോർട്ട് നൽകി. മാധ്യമപ്രവർത്തകൻ ഭരണഘടനാപരമായ സ്വാതന്ത്ര്യമാണ് ഉപയോഗിച്ചതെന്നും സത്യസന്ധമായ വാർത്തയാണ് നൽകിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസിൽ പരാതി നൽകിയ ജോസഫ് കുര്യൻ റിയൽ എസ്റ്റേറ്റ് വ്യാപാരിയാണെന്നും ആദിവാസി ഭൂമി കയ്യേറ്റവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

ജോസഫ് കുര്യന്റെ പേരിൽ മറ്റൊരു ഭൂമി കയ്യേറ്റത്തിന് അഗളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ പവർ ഓഫ് അറ്റോർണി ഹാജരാക്കി 20 ഏക്കർ ഭൂമിയുടെ രേഖകൾക്കായി തഹസിൽദാർക്ക് അപേക്ഷ നൽകിയതും ഇദ്ദേഹമാണ്. ഇത്രയധികം വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തു വന്നിട്ടും റിപ്പോർട്ടുകൾ ലഭിച്ചിട്ടും ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം തുടരുകയാണ്.

Tags:    
News Summary - Case against Madhyamam news: Report against police officers in the red tape of the Home Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.