കൊച്ചി: ശബരിമലയിൽ അരവണ നിർമാണത്തിനുപയോഗിക്കുന്ന ഏലക്ക കേന്ദ്ര സർക്കാറിന്റെ അംഗീകാരമുള്ള കൊച്ചിയിലെ ലാബിൽ പരിശോധിക്കണമെന്ന് ഹൈകോടതി. പരിശോധന ഫലം വിലയിരുത്തി ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടറോട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു.
കീടനാശിനികളുടെ സുരക്ഷിതമല്ലാത്തവിധത്തിലുള്ള സാന്നിധ്യം ഏലക്കയിലുണ്ടെന്ന തിരുവനന്തപുരം അനലിറ്റിക്കൽ ലാബിൽനിന്നുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയെയും കക്ഷിചേർത്ത് ഹൈകോടതി വിശദീകരണം തേടിയിരുന്നു. വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ മറ്റൊരു ലാബിൽക്കൂടി ഏലക്ക പരിശോധിക്കണമെന്ന ദേവസ്വം ബോർഡിന്റെയടക്കം ആവശ്യം പരിഗണിച്ച കോടതി തുടർന്നാണ് നിർദേശം.
ഇതിനാവശ്യമായ ഏലക്ക സന്നിധാനത്തുനിന്ന് ശനിയാഴ്ച തന്നെ എത്തിക്കാനും ആവശ്യപ്പെട്ടു. വളരെ ചെറിയ അളവിൽ മാത്രമാണ് ഏലക്ക ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും കീടനാശിനിയുണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലതെന്ന് കോടതി ആരാഞ്ഞു. എന്നാൽ, പായസം കേടുവരാതെ സൂക്ഷിക്കുന്ന ഘടകമായതിനാൽ ഏലക്ക ഒഴിവാക്കാനാവില്ലെന്നായിരുന്നു ബോർഡിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.