പ്രവാസികൾ വസ്തുക്കൾ വിൽക്കുമ്പോൾ മൂലധന നേട്ട നികുതി ഈടാക്കരുത് -എൻ.കെ. പ്രേമചന്ദ്രൻ

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ മൂലധന നേട്ട നികുതി ഈടാക്കുന്നതിനു പകരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായ സമാന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ധനമന്ത്രി നിര്‍മല സീതാരാമനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

2023 ജൂലൈ 23ന് മുമ്പ് കൈവശാവകാശമുള്ള ഭൂമി വില്‍ക്കുമ്പോള്‍ ഇന്‍ഡക്സേഷന്‍ ഉള്‍പ്പെടെ 20 ശതമാനമോ ഇന്‍ഡക്സേഷന്‍ ഇല്ലാതെ 12.5 ശതമാനമോ നികുതി അടക്കാനുള്ള വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. എന്നാൽ, പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

വിദേശത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ഇന്ത്യയില്‍ നിക്ഷേപിക്കുന്ന പൗരന്മാരെ ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാരില്‍നിന്നും വ്യത്യസ്തരായി കാണുന്നത് ന്യായീകരിക്കാനാവില്ല. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ അവരുടെ സമ്പാദ്യം ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് ഈ വിവേചനം. ഇന്ത്യന്‍ പൗരന്മാരെ തുല്യരായി കണക്കാക്കണം.

ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് നികുതി അടക്കുന്നതിലുള്ള വ്യവസ്ഥ തെരഞ്ഞെടുക്കാൻ അവസരം നല്‍കുന്നതുപോലെ ഇന്‍ഡക്സേഷന്‍ വ്യവസ്ഥ പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടി ബാധകമാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Capital gains tax should not be levied when non-residents sell goods - N.K. Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.