കൊച്ചി: പെട്ടിയിലടച്ച വോട്ടിന്റെ വിധിയറിയാൻ ഇനി രണ്ടാഴ്ച മാത്രം. ഇതിനിടെ, വിജയാഹ്ലാദത്തിനുള്ള തയാറെടുപ്പ് മുന്നണികളും സ്ഥാനാർഥികളും ആരംഭിച്ചുകഴിഞ്ഞു. വിജയിക്കുമെന്ന് ആത്മവിശ്വാസമുള്ള സ്ഥാനാർഥികൾക്കായി ആഹ്ലാദപ്രകടനങ്ങളിൽ ഉപയോഗിക്കാനുള്ള ഗാനങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മിക്ക സ്ഥാനാർഥികളുടെയും മുഖ്യ ആയുധം വോട്ടർമാരെ കൈയിലെടുക്കുന്ന പാരഡി ഗാനങ്ങളായിരുന്നു. വിജയിപ്പിച്ചവർക്ക് നന്ദി പറയാനും പരാജയപ്പെട്ട എതിരാളിയെ അടിച്ചിരുത്താനും അതേ ആയുധം തന്നെയാകും പുറത്തെടുക്കുക.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്ന് മുന്നണി വ്യത്യാസമില്ലാതെ വിജയാഹ്ലാദ ഗാനങ്ങൾക്ക് ഓർഡർ ലഭിക്കുന്നുണ്ടെന്ന് കാൽ നൂറ്റാണ്ടിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽഖാദർ കാക്കനാട് പറയുന്നു. മുന്നണികൾക്കായുള്ള പൊതുഗാനങ്ങൾക്ക് രഹസ്യ സ്വഭാവമില്ലെങ്കിലും സ്ഥാനാർഥികളുടെ പേര് പരാമർശിക്കുന്ന പാട്ടുകൾ ഉള്ളടക്കം പുറത്തുവരാത്ത വിധം രഹസ്യമായാണ് തയാറാക്കുന്നത്. പ്രാദേശികമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഗാനങ്ങൾ എഴുതി റെക്കോഡ് ചെയ്ത് നൽകുന്നവരുണ്ട്. തോൽക്കുന്ന സ്ഥാനാർഥി പിന്നീട് മുങ്ങിയാലോ എന്ന ആശങ്കയിൽ എല്ലാവരോടും മുൻകൂറായി പണം വാങ്ങുകയാണ് പതിവ്.
തങ്ങൾ ജയിക്കാനുണ്ടായ സാഹചര്യവും എതിർ മുന്നണിയുടെ ന്യൂനതകളുമെല്ലാം ഉൾപ്പെടുത്തി ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ളവയാണ് പാട്ടുകൾ. നാടൻ പാട്ടിന്റെയും ജനപ്രിയ സിനിമാ ഗാനങ്ങളുടെയും പഴയ മാപ്പിളപ്പാട്ടുകളുടെയും പാരഡികൾക്കാണ് ഡിമാൻഡ്. പ്രചാരണ ഗാനങ്ങളിലെന്ന പോലെ സ്വർണക്കൊള്ളയും വനവാസവും ‘കടക്ക് പുറത്തു’മെല്ലാം ഇവിടെയും ഇടംപിടിച്ചിട്ടുണ്ട്. ‘വാഴ 2’ സിനിമയിലെ നാടൻ പാട്ടിന്റെ ഈണത്തിൽ എൽ.ഡി.എഫിന് വേണ്ടി തയാറാക്കിയ വിജയഗാനത്തിലെ വരികൾ ‘‘വനവാസത്തിന് പോകുവാനായ് ഒരുങ്ങി നിന്നോ വി.ഡി, മൂന്നാം വട്ടോം തുടർഭരണം ഇടത് മുന്നണി നേടി, നൂറ് സീറ്റ് നേടുമെന്ന വീമ്പ് പാഴായിപ്പോയി, ജനവിധി കണ്ട് യു.ഡി.എഫ് തലയിൽ മുണ്ടിട്ടോടി...’’ എന്നിങ്ങനെ പോകുന്നു. ‘കടക്കണ്ണിൻ മുന കൊണ്ട്...’ എന്ന പഴയ മാപ്പിളപ്പാട്ടിന്റെ പാരഡിയായി തയാറാക്കിയ യു.ഡി.എഫ് ഗാനത്തിലെ വരികൾ ഇങ്ങനെയാണ്: ‘‘കടക്ക് പുറത്ത് എന്ന് ഇടിവെട്ടി പറഞ്ഞോനെ പിരടിക്ക് പിടിച്ചിറക്കി, ജനമോ സഹികെട്ട് ഗതികെട്ട പിണറായി ഭരണത്തെ ഇക്കുറിയോ തീർപ്പാക്കി, ക്യാപ്റ്റൻ്റെ പി.ആർ തള്ളും പാഴാക്കി....’’. പാട്ടിന് വേണ്ടി മുടക്കിയ പണം ആർക്കൊക്കെ മുതലാകുമെന്നറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.