representational image

കെ. സ്വിഫ്റ്റിൽ റിസർവ്ഡ് ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരെ പരിഗണിക്കണമെന്ന് ഹൈകോടതി

കൊച്ചി: കെ.സ്വിഫ്റ്റ് കമ്പനിയിലെ (കെ.എസ്.ആർ.ടി.സി -സ്വിഫ്‌റ്റ്) ഡ്രൈവർ തസ്തിക ഒഴിവുകളിൽ താൽക്കാലിക, കരാർ നിയമനത്തിന് കെ.എസ്.ആർ.ടി.സി റിസർവ്ഡ് ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരെ പരിഗണിക്കണമെന്ന് ഹൈകോടതി.

കെ.സ്വിഫ്റ്റിൽ വിജ്ഞാപന പ്രകാരമുള്ള നിയമന നടപടികൾ തുടരാമെന്നതടക്കമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി റിസർവ്ഡ് ഡ്രൈവർ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരടക്കം നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സ്ഥിരനിയമനത്തിന് അർഹതയുണ്ടായിട്ടും കെ.സ്വിഫ്റ്റ് എന്ന പേരിൽ കെ.എസ്.ആർ.ടി.സിയുടെ സംവിധാനങ്ങൾ ഉപയോഗിച്ച് ഓടിക്കുന്ന പുതിയ സർവിസുകളിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

പി.എസ്.സി പട്ടികയിലുള്ള ഡ്രൈവർമാരെ സിറ്റി, ഓർഡിനറി, മൊഫ്യൂസൽ ബസുകളിൽ താൽക്കാലികമായി നിയമിക്കാൻ തയാറാണെന്ന് കെ.സ്വിഫ്റ്റ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. തുടർന്നാണ് താൽക്കാലിക നിയമനത്തിന് റാങ്ക് പട്ടികയിലുള്ളവരെ കെ.സ്വിഫ്റ്റ് തയാറാക്കുന്ന ഉപാധികളോടെ പരിഗണിക്കാൻ കോടതി നിർദേശിച്ചത്. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ നിയമനത്തിന്‍റെ പേരിൽ കെ.സ്വിഫ്റ്റിലോ കെ.എസ്.ആർ.ടി.സിയിലോ ഉദ്യോഗാർഥിക്ക് സ്ഥിര നിയമനം അവകാശപ്പെടാനാവില്ല. നിയമിക്കപ്പെടുന്നത് റെഗുലർ തസ്തികയിൽ നിയമിക്കപ്പെടാൻ തയാറാക്കിയ റാങ്ക് പട്ടികയിലുള്ളവരായതിനാൽ ഇക്കാര്യം വിജ്ഞാപനത്തിൽ രേഖപ്പെടുത്തണം. പട്ടികയിലുള്ളവരെ താൽക്കാലികമായി നിയമിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. അതിനാൽ, ഈ നിയമനം നിഷേധിക്കാനുള്ള അവകാശവും റാങ്ക് പട്ടികയിലുള്ളവർക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Candidates in KSRTC reserved driver rank list should be considered for temporary driver post in K SWIFT -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.