കോവിഡ്​ ബാധിച്ച കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് യു.പി ജയിലിൽ അവശനിലയിലെന്ന്​ കുടുംബം

കൊച്ചി: ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ തടവില്‍ കഴിയുന്ന കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്​ കോവിഡ്​ ബാധിതനായി അവശനിലയിലാണെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്​ കുടുംബം രംഗത്ത്​. കോവിഡ് ബാധിതനായി ജയിലില്‍ കഴിയുന്ന റൗഫിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന്​ ഭാര്യ ഫാത്തിമ ബത്തൂല്‍ ആവശ്യപ്പെട്ടു. റൗഫ് കോവിഡ് ബാധിച്ച് അവശനിലയിലായ വിവരം അഭിഭാഷകന്‍ മുഖേനയാണ്​ കുടുംബം അറിയുന്നത്. എന്നാല്‍, താനുമായി ഫോണില്‍ സംസാരിക്കാന്‍ പോലും ജയിലധികൃതര്‍ അനുമതി നൽകുന്നില്ലെന്ന്​ ഫാത്തിമ ബത്തൂല്‍ പറയുന്നു.

സിദ്ദീഖ് കാപ്പനുള്‍പ്പെട്ട ഹഥ്റസ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കള്ളപ്പണ ഇടപാട് ആരോപിച്ചാണ് റൗഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് ഈ കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് റൗഫിനെതിരെ യു.പി പൊലീസ് കേസെടുക്കുകയായിരുന്നു. കള്ളപ്പണ ഇടപാട് കേസിൽ എറണാകുളം സെഷന്‍സ് കോടതി ഫെബ്രുവരി 12ന് ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ പ്രൊഡക്ഷന്‍‍ വാറണ്ടുമായെത്തിയ യു.പി പൊലീസ് ഫെബ്രുവരി 13ന് തന്നെ റൗഫിനെ മഥുരയിലേക്ക് കൊണ്ടുപോയി ജയിലിലടക്കുകയായിരുന്നു. റൗഫിന്‍റെ കേസ് കോടതി വേഗത്തില്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റൗഫിന്‍റെ ഭാര്യ ഫാത്തിമ ബത്തൂല്‍ ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്. ഇപ്പോള്‍ പ്രസവം കഴിഞ്ഞ് കുഞ്ഞിന് 21 ദിവസം പ്രായമായി.

Tags:    
News Summary - Campus front leader Rauf Sharif in critical condition at mathura jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.