കൊച്ചി: കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്ന സർക്കാർ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബർ ഒമ്പതിന് സെർച്ച് കമ്മിറ്റിയിൽനിന്ന് രാജിവെച്ചതിനാൽ ചാൻസലറുടെ വിജ്ഞാപനം നിയമപരമല്ലെന്ന ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്.
വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികളില്ലാത്തതിനാൽ സ്റ്റേ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിൽ സ്റ്റേ ചോദിക്കുന്നതിൽ അർഥമില്ലെന്ന നിലപാട് ചാൻസലറും സ്വീകരിച്ചു. പ്രഫ. എ. സാബുവിന് പ്രത്യേക ദൂതൻവഴി കോടതി നോട്ടീസ് പുറപ്പെടുവിച്ചു. സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് ഒക്ടോബർ 31നും വി.സി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബർ മൂന്നിനും ഇറക്കിയ വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്ന ഹരജി നവംബർ 24ന് പരിഗണിക്കാൻ മാറ്റി.
തൃശൂർ സെന്റ് തോമസ് കോളജ് ഗവേണിങ് ബോഡി അംഗം ഡോ. എലുവത്തിങ്ങൽ ഡി. ജെമ്മിസിനെ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ എതിർത്ത സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കി ബംഗളൂരു ജവഹർലാൽ നെഹ്റു സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. ജി.യു. കുൽക്കർണിയെ ഉൾപ്പെടുത്തിയതായി ചാൻസലർ അറിയിച്ചു.
വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കേണ്ടത് സർക്കാറാണെന്ന് ചട്ടത്തിൽ പറയുന്നില്ല. നിയമനാധികാരി ആയതിനാൽ ചാൻസലർക്കാണ് ഈ അധികാരം. സെർച്ച് കമ്മിറ്റിയിൽനിന്ന് രാജിവെച്ചതായി അറിയിച്ച പ്രഫ. എ. സാബുവിനോട് തുടരണമെന്ന ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും മറുപടി നൽകിയിട്ടില്ലെന്നും പ്രതിനിധിയെ മാറ്റാനാണ് സെനറ്റ് ഉദ്ദേശിക്കുന്നതെങ്കിൽ എതിർപ്പില്ലെന്നും ചാൻസലർ അറിയിച്ചു.
സാബുവിന് നോട്ടീസ് അയച്ചതിനു പുറമെ സെനറ്റ് പ്രതിനിധിയുടെ കാര്യത്തിൽ നിലപാട് അറിയിക്കാൻ സർവകലാശാലക്ക് കോടതി നിർദേശം നൽകി. ചാൻസലറുടെ പ്രതിനിധിയായി പ്രഫ. ജി.യു. കുൽക്കർണിയെ ഉൾപ്പെടുത്തിയതിന്റെ വിജ്ഞാപനം ഹാജരാക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.