തേഞ്ഞിപ്പലം: ഭരണ - അക്കാദമിക പ്രവർത്തനങ്ങൾ താളം തെറ്റും വിധം കാലിക്കറ്റ് സർവകലാശാലയിൽ പ്രതിസന്ധി. തുടർച്ചയായ രണ്ടാം തവണയും സർവകലാശാലയിൽ സെനറ്റ് യോഗം മുടങ്ങി. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റവും പ്രതിഷേധവും രൂക്ഷമായതോടെ തുടക്കത്തിലേ യോഗം വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ പിരിച്ചുവിട്ട് ഇറങ്ങിപ്പോയി. ജീവനക്കാർക്കെതിരെ അതിക്രമം കാട്ടിയ എസ്.എഫ്.ഐക്കാർക്കെതിരായ നടപടി മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് സെനറ്റംഗം വി.കെ.എം ഷാഫി രംഗത്തുവന്നു.
ഇതിനെതിരെ ഇടത് സിൻഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും പ്രതികരിച്ചു. തുടർന്ന് യു ഡി എഫ് അംഗങ്ങൾ ബാനർ ഉയർത്തി. ഇതോടെ വേടൻ്റെ പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം വിസി ആർ എസ്.എസ് ഏജൻ്റായതിനാലാണെന്ന് എന്ന് ആരോപിക്കുന്ന ബാനറുകൾ ഉയർത്തി ഇടത് അംഗങ്ങളും പ്രതിഷേധമുയർത്തി സഭയുടെ നടുത്തളത്തിൽ ഇറങ്ങി. നാലു വർഷ ബിരുദ പ്രോഗ്രാമിലെ മൈനർ വിഷയം ഉയർത്തിയും യു ഡി എഫ് അംഗങ്ങൾ പ്രതിഷേധമുയത്തി.
ഇരുവിഭാഗത്തിൻ്റെയും പ്രതിഷേധം വിസിയുടെ ചേമ്പറിൽ വരെ എത്തിയതോടെ വിസി യോഗം അവസാനിപ്പിച്ച് വിസി സീറ്റിൽ നിന്ന് എണീറ്റു. ഇതോടെ അഡ്വ എം.ബി ഫൈസലിൻ്റെ നേതൃത്വത്തിൽ ഇടത് അംഗങ്ങൾ വിസിയെ തടഞ്ഞു. വിസി ഒളിച്ചോടുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഇടത് അംഗങ്ങൾ സെനറ്റ് ഹൗസിന് മുന്നിലും ഭരണകാര്യാലയത്തിന് മുന്നിലും പ്രതിഷേധിച്ചു. സി.കെ.സി.ടി അംഗങ്ങളും സെനറ്റ് ഹൗസിന് മുന്നിലും പ്രതിഷേധിച്ചു. അതേസമയം ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് സർവകലാശാലയുടെ ഭാവി തകർക്കരുതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വിസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.