കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ ബിരുദ വിദ്യാർഥിക ളുടെ ഹാജർ കുറയുന്ന വിഷയത്തിൽ ഇടപെട്ട് സിൻഡിക്കേറ്റ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥി ജസ്പ്രീത് സിങ്ങിെൻറ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിൻഡിക്കേറ്റ് ഇടപെടൽ.
ക്രിസ്ത്യൻ കോളജിലെ പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജിനെയും ആരോപണവിധേയരായ അധ്യാപകരെയും തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തും. മറുപടി തൃപ്തികരമല്ലെങ്കിൽ കർശന നടപടിയെടുക്കും.
അഞ്ചും ആറും സെമസ്റ്ററുകളിൽ ഹാജർ കുറവായതിനാൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യമുണ്ടെന്ന് സിൻഡിക്കേറ്റ് യോഗം വിലയിരുത്തി. ഹാജർ കുറവുള്ളത് പരിഹരിക്കാനുള്ള രണ്ട് അവസരങ്ങളും പൂർത്തിയായാൽ വിദ്യാർഥികൾക്ക് പ്രത്യേക അവസരത്തിനായി പ്രിൻസിപ്പൽ മുഖേന അപേക്ഷ സമർപ്പിക്കാം. ഹാജർ കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സർവകലാശാലയുടേതാണെന്നും പ്രിൻസിപ്പൽമാർക്കല്ലെന്നും സിൻഡിക്കേറ്റ് യോഗം താക്കീത് നൽകി. ലഹരിവിരുദ്ധ സമിതിയുടെ ശിപാർശയെ തുടർന്ന് ഇറക്കിയ ഉത്തരവും സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയായി. സർക്കുലറിലെ സത്യവാങ്മൂലം എന്ന പ്രയോഗം മരവിപ്പിക്കും. പ്രവേശന കാര്യത്തിൽ ഇടപെടാൻ ലഹരിവിരുദ്ധ സമിതിക്ക് അധികാരമില്ലെന്ന് യോഗം വിലയിരുത്തി.
ഇതുസംബന്ധിച്ച് മൂന്നംഗ സമിതി അന്വേഷിക്കും. ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരീക്ഷ ഭവന് എതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ ഭവൻ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കും. വിവാദമായ പഠന ബോർഡുകളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് സീനിയർ അധ്യാപകരുടെ ആക്ഷേപങ്ങൾ പരിശോധിക്കാൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിനെ ചുമതലപ്പെടുത്തി. ചരിത്ര അധ്യാപകനെ പൊളിറ്റിക്കൽ സയൻസ് പഠന ബോർഡിൽ ചെയർമാനാക്കിയ നടപടിയും റദ്ദാക്കി.
പത്തോളം അധ്യാപകർ പഠന ബോർഡുകളിൽനിന്ന് രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. ഇവരുടെ സേവനം തുടർന്നും ആവശ്യമുണ്ടെന്ന് വിലയിരുത്തിയ യോഗം, ഇവരോട് തുടരാൻ ആവശ്യപ്പെട്ടു.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ അടക്കം കൃത്യമായി വിതരണം ചെയ്യാനും പരീക്ഷ നടത്താനും വാർഷിക കലണ്ടർ തയാറാക്കാനും തീരുമാനിച്ചു. സർവകലാശാലയിലെ പി.ജി പഠന വകുപ്പുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്യും. ലക്ഷദ്വീപിലെ അധികാരപരിധിയുമായി ബന്ധപ്പെട്ട് അടുത്തമാസം ആദ്യവാരം യു.ജി.സി പ്രതിനിധികളെ കാണാനും തീരുമാനിച്ചു. നാലുവർഷ ഇൻറഗ്രേറ്റഡ് ബി.എഡ് കോഴ്സ് ലക്ഷദ്വീപിൽ തുടങ്ങും. ഗാന്ധി ചെയറിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. ബി.ആർക്ക് വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയുണ്ടാക്കി. ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന് പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.