കാലിക്കറ്റ്​ സിൻഡിക്കേറ്റ്​ തെരഞ്ഞെടുപ്പ്​; രണ്ട്​ അധ്യാപകരുടെ പത്രിക തള്ളിയത്​ ഗവർണർ റദ്ദാക്കി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗവർണർ നാമനിർദേശം ചെയ്ത രണ്ട്​ അധ്യാപകർ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ രജിസ്​ട്രാറുടെ നടപടി ഗവർണർ റദ്ദാക്കി. സർവകലാശാല അധ്യാപകരായ പ്രഫ.പി. രവീന്ദ്രൻ, പ്രഫ.ടി.എം. വാസുദേവൻ എന്നിവരുടെ പത്രികകൾ തള്ളിയതും വി.സി അതു​ ശരിവെച്ച നടപടിയുമാണ്​ റദ്ദാക്കിയത്​. ഇരുവരുടെയും പ​ത്രിക സ്വീകരിച്ച്​ സിൻഡിക്കേറ്റ്​ തെരഞ്ഞെടുപ്പ്​ നടപടികൾ ഉടൻ പൂർത്തിയാക്കാനും ഗവർണർ ഉത്തരവിട്ടു.

റിട്ടേണിങ്​ ഓഫിസറായ രജിസ്ട്രാർ സർവകലാശാല നിയമവും ചട്ടവും മറികടന്നാണ് പത്രികകൾ തള്ളിയതെന്ന്​ ഗവർണറുടെ ഉത്തരവിൽ പറയുന്നു. അധ്യാപകർ നൽകിയ പരാതിയിൽ നേരത്തേ സിൻഡിക്കേറ്റ്​ തെരഞ്ഞെടുപ്പ്​ ഗവർണർ സ്​റ്റേ ചെയ്തിരുന്നു. സ്​റ്റേ ഉത്തരവ്​ ഗവർണർ നീക്കുകയും ചെയ്തു. സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിൽ മത്സരിക്കാനാണ്​ ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്​. എന്നാൽ, ഇരുവരും സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിൽനിന്ന്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന വാദം നിരത്തിയാണ്​ പത്രിക രജിസ്​ട്രാർ തളളിയത്​. സർവകലാശാല അധ്യാപകരുടെ ക്വോട്ടയിലാണ്​ ഇരുവരെയും ഗവർണർ സെനറ്റിലേക്ക്​ നാമനിർദേശം ചെയ്തിരുന്നത്​.

സിൻഡിക്കേറ്റ്​ തെരഞ്ഞെടുപ്പ്​ ഗവർണർ സ്​റ്റേ ചെയ്​തതിനെ ചോദ്യം ചെയ്ത്​ ഡോ.കെ. മുഹമ്മദ്​ ഹനീഫ ഹൈകോടതിയെ സമീപിച്ചിരുന്നു. ബന്ധപ്പെട്ടവരെ നേരിൽ കേട്ടശേഷം തീരുമാനമെടുക്കാൻ കോടതി ഗവർണർക്ക്​ നിർദേശവും നൽകിയിരുന്നു. രാജ്​ഭവനിൽ ഹിയറിങ്​ നടത്തിയാണ്​ രജിസ്​ട്രാറുടെ നടപടി ഗവർണർ റദ്ദാക്കി ഉത്തരവിറക്കിയത്​. 

Tags:    
News Summary - Calicut Syndicate Election; The governor canceled the rejection of the papers of two teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.