കേബിൾ കുരുങ്ങി അപകടങ്ങൾ: ഉത്തരവ് നടപ്പായില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ

കൊച്ചി: കേബിൾ കുരുങ്ങി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ സർക്കാറിന് നൽകിയ ഉത്തരവ് നടപ്പിലാക്കാത്തത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ വിശദീകരണം ആവശ്യപ്പെട്ടു.

2022 ഒക്ടോബർ 27ന് പാസാക്കിയ ഉത്തരവിൻ മേൽ സർക്കാർ സ്വീകരിച്ച നടപടികൾ മാർച്ച് 13ന് മുമ്പ് ഹാജരാക്കണമെന്ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് ഗവ.സെക്രട്ടറിമാർക്ക് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകി.

കഴിഞ്ഞദിവസം കേബിൾ കുരുങ്ങി മരട് സ്വദേശി ഇ.പി. അനിൽകുമാറിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സമാന സംഭവങ്ങൾ കൊച്ചി നഗരത്തിൽ ആവർത്തിക്കുന്നതിൽ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. കൊച്ചി ചെമ്പുമുക്കിൽ അലൻ ആൽബർട്ട് എന്ന സ്കൂട്ടർ യാത്രികൻ കേബിൾ കുരുങ്ങി മരിച്ച സംഭവത്തിലാണ് കമീഷൻ കഴിഞ്ഞവർഷം ഒക്ടോബർ 27ന് തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകൾക്കും പൊലീസിനും വിശദ ഉത്തരവ് നൽകിയത്.

ഇതിൽ കേബിൾ സ്ഥാപിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും പൊലീസിന്‍റെയും അനുമതി വാങ്ങണമെന്ന് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകിയിരുന്നു. ഉത്തരവ് പ്രകാരം ഒന്നും നടന്നില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.

Tags:    
News Summary - Cable entanglement accidents: Order not implemented; Human Rights Commission seeks clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.