കോഴിക്കോട്: സ്കൂൾ വിദ്യാർഥികളുടെ ജാതി^മത കോളവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാനത്തെ സ്കൂളുകളിൽ ജാതി കോളം പൂരിപ്പിക്കാതെ ഒന്നേകാൽ ലക്ഷം കുട്ടികളുണ്ടെന്ന കണക്കിൽ പിശകുണ്ടെങ്കിൽ തിരുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സാങ്കേതികമായ മറുപടി മാത്രമാണ് നൽകിയത്. കണക്കിൽ പിഴവുണ്ടെന്ന ആരോപണം ഉയർന്നതിനാൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാതിക്കോളം പൂരിപ്പിക്കാത്ത എത്ര കുട്ടികളുണ്ടെന്നാണ് നിയമസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യം. ഈ കോളം പൂരിപ്പിക്കാതെ ഒന്നേകാൽ ലക്ഷം പേരാണുള്ളതെന്നാണ് സോഫ്റ്റ്്വെയറിലുള്ളത്. ഇൗ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ഒരുതരത്തിലും കണക്കുകളെ വളച്ചൊടിക്കാനോ മറ്റോ സർക്കാർ ശ്രമിച്ചിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾമൂലം വിവരങ്ങൾ അപ്ലോഡ് ആകാത്ത കാര്യമെല്ലാം പിന്നീടാണ് ഉയർന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
വയനാട് നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആദിവാസി വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന പരാതി അന്വേഷിക്കും. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളജിൽ പ്രിൻസിപ്പലിന് യാത്രയയപ്പ് ചടങ്ങിൽ എസ്.എഫ്.ഐ പ്രവർത്തകർ ‘ആദരാഞ്ജലി’ അർപ്പിച്ചെന്ന ആരോപണം സംബന്ധിച്ച് ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇതു ലഭിച്ചശേഷം പ്രതികരിക്കാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.