താമരശ്ശേരി: ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് പ്ളസ് ടു വിദ്യാര്‍ഥിനി മരിച്ചു. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി അണ്ടോണ ചക്കിക്കാവ് പാലാട്ട് സുരേഷിന്‍െറ മകള്‍ അരുണിമ സുരേഷാണ് (17) മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം നടന്നത്. കോടഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഷാമില്‍ എന്ന സ്വകാര്യ ബസില്‍നിന്നിറങ്ങി രണ്ട് സഹപാഠികള്‍ക്കൊപ്പം ബസിന്‍െറ പിന്‍ഭാഗത്തുകൂടെ നടന്നു പോകവെ അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി കോഴിക്കോട്- ബത്തേരി ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാന്‍ഡിന്‍െറ പ്രവേശന ഭാഗത്ത് അതിവേഗം വളച്ചപ്പോള്‍ പിന്‍ഭാഗം സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.
മറ്റ് രണ്ട് കുട്ടികള്‍ കടന്നുപോയിരുന്നെങ്കിലും പിന്നാലെ വന്ന അരുണിമ ഇരു ബസുകളുടെയും ഇടയില്‍ പെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അരുണിമ തല്‍ക്ഷണം മരിച്ചു. സ്വകാര്യ ബസ് ട്രാക്കില്‍ കയറ്റാതെ യാത്രക്കാരെ ഇറക്കിയതും കെ.എസ്.ആര്‍.ടി.സി ബസിന്‍െറ അമിത വേഗതയുമാണ് ദുരന്തത്തിന് കാരണമായത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മുക്കം നടുത്തൊടുകയില്‍ എന്‍. ഷിബുവിന്‍െറ (41) പേരില്‍ താമരശ്ശേരി പൊലീസ് അശ്രദ്ധമായി വാഹനമോടിച്ചതിനും നരഹത്യക്കും കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരന്‍: അംജിത്ത്. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.