കൊച്ചി: ജയിലിൽ കഴിയുന്ന തടവുകാരെ ഫോൺ ചെയ്യണമെങ്കിൽ ബന്ധുക്കളുടെ കൈവശം ബി.എസ്.എൻ.എൽ കണക്ഷൻ വേണമെന്ന നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പേരിൽ പുറപ്പെടുവിച്ച നോട്ടീസ് ചോദ്യം ചെയ്ത് ഇവിടെ തടവിൽ കഴിയുന്നയാളുടെ മകൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
തടവുകാർക്ക് മൂന്ന് രജിസ്റ്റേർഡ് ഫോൺ നമ്പറുകളിലേക്ക് വിളിക്കാൻ നിയന്ത്രിതമായി അനുമതി നൽകുന്നുണ്ട്. എന്നാൽ, ഈ ഫോൺ നമ്പർ ബി.എസ്.എൻ.എൽ കണക്ഷൻ ആയിരിക്കണമെന്ന് വ്യക്തമാക്കി ഡിസംബർ 31നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഈ ഫോണുകളിൽ കാൾ ഫോർവേഡിങ്, കാൾ ട്രാൻസ്ഫറിങ് സൗകര്യം ഉണ്ടാകരുതെന്നും നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജി. ഇത്തരമൊരു നിയന്ത്രണം മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം. സർക്കാർ അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.