ബ്രിട്ടീഷ് വംശജ പെപിത സേത്തിന് തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ പൗരത്വ രേഖ കൈമാറുന്നു
തൃശൂർ: കേരളത്തെയും കലകളെയും സംസ്കാരത്തെയും അതിയായി സ്നേഹിച്ച ബ്രിട്ടീഷുകാരിക്ക് ഇനി കേരളവും ഇന്ത്യയും ‘സ്വന്തം’. 47 വർഷമായി ഗുരുവായൂരിൽ സ്ഥിരതാമസക്കാരിയായ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് വെള്ളിയാഴ്ച ശരിക്കും ഇന്ത്യക്കാരിയായി മാറി.
തൃശൂർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ പൗരത്വ രേഖ കൈമാറി. ആനയേയും പൂരത്തേയും കാവിനേയും കലയേയും ഹൃദയത്തോടു ചേർത്തുപിടിച്ച പെപിത സേത്തിന് ഇത് അഭിമാനനിമിഷം കൂടിയായി.
ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയിൽ നിന്നാണ് പെപിത സേത്ത് ഇന്ത്യയെ കുറിച്ച് അറിയുന്നത്. ഇതോടെ മുത്തച്ഛന്റെ പ്രവർത്തന കേന്ദ്രങ്ങൾ തേടി 1970ൽ 27ാം വയസ്സിൽ ഇന്ത്യയിലേക്ക് എത്തി. കൊൽക്കത്തയിൽനിന്ന് തുടങ്ങിയ യാത്ര അവസാനിച്ചത് തൃശൂരിൽ. കേരള സംസ്കാരത്തെയും കലകളെയും ഏറെ ഇഷ്ടപ്പെട്ടതോടെ 1979ൽ ഗുരുവായൂരിൽ താമസമാരംഭിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രവും ഗുരുവായൂർ കേശവൻ എന്ന ആനയെയും ക്ഷേത്ര കലകളെയും പാശ്ചാത്യലോകത്ത് പരിചതമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1979ൽ ഗുരുവായൂരിൽ താമസം തുടങ്ങിയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് സാധിച്ചിരുന്നില്ല. 1981ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും നേടിയെടുത്തു. ആറ്റന്‍ബറോയുടെ ഗാന്ധി എന്ന വിശ്വപ്രസിദ്ധ സിനിമയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വേഷമിട്ട റോഷന് സേത്തായിരുന്നു പെപിതയുടെ ജീവിതപങ്കാളി. കേരള സംസ്കാരത്തേയും കലയേയും ലോകത്തിന് മുന്നിൽ ഉയർത്തി കാണിച്ച പെപിതയെ 2012ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
താൻ ഏറെ സ്നേഹിച്ച നാട് തന്നെ മകളായി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് പെപിത സേത്ത്. ഇന്ത്യക്കാരിയാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു. താൻ എഴുതിയ ‘ഇൻ ഗോഡ്സ് മിറർ; ദ തെയ്യംസ് ഓഫ് മലബാർ’ എന്ന പുസ്തകം പെപിത കലക്ടർക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.