പിണറായിക്കെതിരെ ഇ.ഡി നടപടിയെടുക്കാത്തതെന്താണെന്ന രാഹുലിന്‍റെ ചോദ്യം കേട്ടുകേൾവിയില്ലാത്തത് -ബൃന്ദ കാരാട്ട്

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ.ഡി നടപടിയെടുക്കാത്തതെന്താണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ജനാധിപത്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. രാഹുലിന്‍റെ ചോദ്യം തങ്ങൾ വകവെക്കുന്നില്ല. എന്നാൽ, ബി.ജെ.പി -ആർ.എസ്.എസ് ഫാഷിസത്തിനും വർഗീയതക്കുമെതിരെ ശക്തമായി പോരാടുന്ന പിണറായിക്കെതിരെ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നതിന്‍റെ സന്ദേശമെന്താണ്? ഇ.ഡിയും ആദായ നികുതി വകുപ്പുമെല്ലാം കൃത്രിമമായി കേസുണ്ടാക്കി നടപടിയെടുക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും ബൃന്ദ ചോദിച്ചു. എറണാകുളം പ്രസ് ക്ലബിൽ ‘വോട്ട് ആന്‍റ്​ ടോക്ക്’ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.

തങ്ങളുടെ പോരാട്ടം രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമാണ്. ഇ.ഡിയെയോ സി.ബി.ഐയെയോ ഉപയോഗിച്ച് രാഷ്ട്രീയ വ്യത്യാസങ്ങളുടെ കാരണത്താൽ ആർക്കെതിരെ നടപടിയെടുത്താലും സി.പി.എം അപലപിക്കും. രാഹുൽ ഗാന്ധിയും കുടുംബവും നാഷനൽ ഹെറാൾഡ് കേസിൽ കുടുങ്ങിയപ്പോഴും അവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടില്ല. ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണിതെന്ന് അറിയാവുന്നതുകൊണ്ടാണിത്​. എന്നാൽ, കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് തിരിച്ച് ഈ സഹാനുഭൂതിയില്ല.

കോൺഗ്രസ് പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഒന്നും പറയുന്നില്ല. കേരളത്തിൽ 20 സീറ്റിലും വിജയിക്കാനാവുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്​. വടകര സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരളത്തിലുള്ളവർ, പ്രത്യേകിച്ച് സ്ത്രീകൾ വോട്ടിലൂടെ മറുപടി പറയണമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - brinda karat meet the press at ernakulam press club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.