കൊച്ചി: ഇ.ഡി കേസിന്റെ പേരിൽ കൂടുതൽ പേരെ കുടുക്കാൻ ശ്രമിച്ചതായി സൂചന. ഇ.ഡി കേസൊതുക്കാൻ കോഴ ചോദിച്ച സംഭവത്തിൽ പിടിയിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ വിവിധ കേസുകളിലായി ഇ.ഡി സമൻസ് അയച്ച മുപ്പതോളം പേരുടെ വിവരങ്ങൾ ഉണ്ടായിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രഞ്ജിത്തിലൂടെ ഇടനിലക്കാർ വഴി ഇവരിൽനിന്ന് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന.
ഫെമ കേസുകളിൽ സ്ഥിരമായി ഇ.ഡി ഓഫിസിലെത്തുന്നയാളാണ് ചാർട്ടേഡ് അക്കൗണ്ടൻറ് കൂടിയായ രഞ്ജിത്. ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ബന്ധമുപയോഗിച്ചാണ് ഇടനിലക്കാർ വഴി ഇരകളെ വലയിലാക്കി പണം വാങ്ങിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അന്വേഷണം പൂർത്തിയാകുന്നതോടെ ഇ.ഡി ഉദ്യോഗസ്ഥരടക്കം കൂടുതൽപേർ പ്രതിപ്പട്ടികയിലെത്താനുള്ള സാധ്യതയും വിജിലൻസ് തള്ളിക്കളയുന്നില്ല.
നിലവിൽ വിജിലൻസ് കസ്റ്റഡിയിലുള്ള വിത്സൺ, മുകേഷ് മുരളി അടക്കമുള്ള മൂന്ന് പ്രതികളെയും ഒറ്റക്കും ഒരുമിച്ചിരുത്തിയും ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നുണ്ട്. ഇതിനുശേഷം കേസിലെ ഒന്നാംപ്രതിയും ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുമായ ശേഖർ കുമാറിനെ ചോദ്യംചെയ്യും. ഇതിന് മുന്നോടിയായി പിടിയിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളടക്കമുള്ളവയുടെ പരിശോധന അവസാനഘട്ടത്തിലാണ്.
ഇ.ഡി കേസൊതുക്കാൻ രണ്ടുകോടി കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ മൂന്നുപേർ പിടിയിലായതോടെ സമാന പരാതിയുമായി നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്. പലരും ഫോണിൽ വിളിച്ച് പരാതിപ്പെട്ടതായി വിജിലൻസ് എസ്.പി എസ്. ശശിധരനും സ്ഥിരീകരിച്ചു. എന്നാൽ, പരാതികളുടെ ആധികാരികത പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരകൾ വ്യവസായികളായതിനാൽ പരാതിപ്പെടാൻ പലരും മടിക്കുന്നുണ്ട്. ഇപ്പോഴത്തെ ‘ചൂടാ’റിക്കഴിയുമ്പോൾ ഉദ്യോഗസ്ഥർ തങ്ങളോട് ‘പ്രതികാരം’ ചെയ്യുമെന്നാണ് ഇവരുടെ ആശങ്ക.
കൊച്ചി മേഖല ഓഫിലെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ ഇ.ഡി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിലെ വിശദാംശങ്ങൾ അവർ തേടിയിട്ടില്ലെന്ന് വിജിലൻസ് എസ്.പി പറഞ്ഞു. ഇ.ഡി കേസൊതുക്കാൻ കൊല്ലത്തെ വ്യാപാരി അനീഷ് കുമാറിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.