എസ്. അശോക കുമാർ

ബാറുടമകളിൽനിന്ന് മാസപ്പടി; ഡെപ്യൂട്ടി എക്സൈസ് കമീഷണർ അടക്കം ഏഴു പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. അശോക കുമാർ അടക്കം ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മന്ത്രി എം. ലിജുവിന്റെ നിർദേശപ്രകാരമാണ് എക്സൈസ് കമീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി.

എക്സൈസ് കമീഷണർ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ പ്രിവന്‍റീവ് ഓഫിസർ എം. മാനുവൽ, പ്രിവന്‍റീവ് ഓഫിസർ (ഗ്രേഡ്) പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി സർക്കിൾ ഓഫിസ് പ്രിവന്‍റീവ് ഓഫിസർമാരായ (ഗ്രേഡ്) ലാലു തങ്കച്ചൻ, ടി. സന്തോഷ്, കെ. ഷിജു, സിവിൽ എക്സൈസ് ഓഫിസർ എ.എസ്. വിശാഖ് എന്നിവരാണ് സസ്പെൻഷൻ കിട്ടിയ മറ്റുള്ളവർ. ജീവനക്കാരെ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കുറ്റത്തിന് ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.എൽ. ആദർശിനെതിരെയും ചെറിയ ശിക്ഷ നടപടിക്ക് ശിപാർശയുണ്ട്.

ബാറുകൾ സമയപരിധി കഴിഞ്ഞു പ്രവർത്തിക്കാൻ അനുമതി നൽകുകയും ബാറുടമകളിൽനിന്ന് പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്നുമാണ് ആരോപണം. ആഗസ്റ്റ് 27ന്, ചങ്ങനാശ്ശേരി മേഖലയിലെ മൂന്ന് ബാർ ഹോട്ടലുകളിൽ അനുവദിച്ച സമയപരിധി കഴിഞ്ഞും മദ്യം വിൽക്കുന്നതായി എക്സൈസ് മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് എക്സൈസ് കമീഷണർ നടത്തിയ രഹസ്യ പരിശോധനയിൽ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി എക്സൈസ് കമീഷണർ പണവും മദ്യവും ഭക്ഷണസാധനങ്ങളും അടക്കം വാങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ പണം പിരിക്കൽ പതിവ് നടപടിയാണെന്നാണ് ബാറുടമയുടെ മൊഴി. പണം നൽകേണ്ട വ്യക്തികളുടെയും തുകയുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക സ്ഥാപനങ്ങൾക്ക് നൽകും.

ലൈസൻസ് പുതുക്കുന്ന സമയം, ഓണം, ക്രിസ്മസ് എന്നീ അവസരങ്ങളിലായി വർഷത്തിൽ മൂന്ന് തവണയാണ് സാധാരണയായി പണം പിരിച്ചിരുന്നത്. ന്യൂയോർക്ക് സ്ക്വയർ, ബ്ലൂ സ്റ്റാർ, ബ്രീസ് ലാൻഡ്, പഞ്ചവടി എന്നീ നാല് ബാറുകളിൽ നിന്നായി കരിങ്കട ജോസിയെ ഇടനിലക്കാരനാക്കി ആകെ 55,000 രൂപ കൈപ്പറ്റിയതായി എസ്. അശോക കുമാർ സമ്മതിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - bribe from bar owners; Deputy Excise Commissioner among seven suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.