പ്രതീകാത്മക ചിത്രം

ഓണക്കാല സർവിസ് കലക്ഷനും കളറാക്കി കെ.എസ്.ആർ.ടി.സി; വെള്ളിയാഴ്ച മാത്രം ലഭിച്ചത് എട്ട് കോടിയിലധികം

തിരുവനന്തപുരം: ഓണക്കാലത്തെ സ്പെഷ്യൽ സർവിസുകളിലുൾപ്പെടെ കെ.എസ്.ആർ.ടി.സിക്ക് മെച്ചപ്പെട്ട വരുമാനം. വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കലക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ഓണത്തോടനുബന്ധിച്ച പൊതുഅവധി ദിവസങ്ങളിൽ സർവിസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായതെന്നാണ് കോർപറേഷൻ വിലയിരുത്തൽ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയിരുന്നു.

ഉത്രാട ദിനത്തിൽ ആകെ 21.45 ലക്ഷം പേരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത്. ഇതിൽ 9.34 ലക്ഷം പേർ പ്രിയദർശിനി ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. ഉത്രാടത്തിന് ആകെ ലഭിച്ച 7.88 കോടി രൂപയുടെ കലക്ഷനിൽ 2.04 കോടി രൂപ പ്രിയദർശിനി സൗജന്യ ടിക്കറ്റുകളുടേതും ഉൾപ്പെടുന്നു. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി 12.95 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 4.7 കോടി രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 9.52ലക്ഷം യാത്രക്കാരും വരുമാനം 4.74 കോടി രൂപയുമായിരുന്നു.

അവിട്ടം, ചതയം ദിനങ്ങളിലും സർവീസുകളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവുണ്ടായി. അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി 7.01 കോടി രൂപയുടെ വരുമാനം നേടി. ചതയം ദിനമായ വെള്ളിയാഴ്ച ബസുകളുടെ എണ്ണം 3,787 ആയി ഉയർത്തി. 12.78 ലക്ഷം കിലോമീറ്ററാണ് ആകെ സർവീസ് നടത്തിയത്. ആകെ 22.02 ലക്ഷം യാത്രക്കാരിൽ നിന്നായി 8.07 കോടി രൂപയുടെ റെക്കോർഡ് കലക്ഷനാണ് ലഭിച്ചത്. ഇതിൽ 2.30 കോടി രൂപ പ്രിയദർശിനി ടിക്കറ്റുകൾ വഴിയുള്ളതാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 18.19 ലക്ഷം യാത്രക്കാരും 7.10 കോടി വരുമാനവുമാണ് ലഭിച്ചത്.

അന്തർസംസ്ഥാന യാത്രകൾക്കായി കൂടുതൽ ബസുകൾ ലഭ്യമാക്കിയത് അമിത ചാർജ് നൽകാതെ നാട്ടിലെത്താൻ യാത്രക്കാർക്ക് സഹായകമായി എന്നാണ് കോർപറേഷന്‍റെ വിലയിരുത്തൽ.

Tags:    
News Summary - KSRTC gets good revenue during the Onam season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.