ഓണം വാരാഘോഷം സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: ഓണം സാംസ്കാരിക ഘോഷയാത്രയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പങ്കെടുത്ത ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, കെ.എ. തുളസി, സി.പി. ജോണ്‍, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുള്ളപ്പോഴായിരുന്നു ആലാപനം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന പരിപാടികൾക്ക് കൃത്യമായ പ്രോട്ടോക്കോളുണ്ടെന്നും അത് കേരളത്തിനല്ല, ഒരു സംസ്ഥാനത്തിനും മാറ്റാനാവില്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. രാജ്യത്തെവിടെ ഇവർ പങ്കെടുക്കുന്ന പരിപാടികൾക്കും ഇത് ബാധകമാണ്. ഇത് നിലപാടിന്‍റെ പ്രശ്നമല്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശിച്ച് ഉപരാഷ്ട്രപതിയുടെ ഓഫിസ് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.

വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തീരുമാനം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്കൂളുകളിൽ ഗാനം മുഴുവനായി പാടണമെന്ന സർക്കുലർ ഇറക്കിയത് വിവാദമാകുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി പാടിയതും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.

തലസ്ഥാന നഗരത്തെ ഒരാഴ്ചയോളം കലാവിസ്മയങ്ങളാൽ ആറാടിച്ച ഓണം- ടൂറിസം വാരാഘോഷത്തിനാണ് സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങള്‍, ഇതര സംസ്ഥാന സർക്കാരുകളുടേത് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടും. കേരളത്തിന്‍റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇന്‍സ്റ്റലേഷനുകളുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്.

നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. 

മതനിരപേക്ഷതക്കും സാംസ്കാരിക പൈതൃകത്തിനും അപമാനം -പി.ഡി.പി

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷം വന്ദേമാതാരം ചൊല്ലി സമാപിച്ചത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അപമാനമാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. സംസ്ഥാന ടൂറിസം വകുപ്പും സാംസ്കാരിക വകുപ്പുമെല്ലാം സംഘടിപ്പിക്കുന്ന പരിപാടികളെ കേന്ദ്രസര്‍ക്കാറും ഗവര്‍ണറും ലോക്ഭവനും നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാന സര്‍ക്കാറാണ് ഒഴിവാക്കേണ്ടത്.

ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണകൂടത്തോട് സന്ധിയാവുന്ന നിലപാട് കേരളം തിരുത്തണം. കേന്ദ്രം നിര്‍ദേശിക്കുന്ന പ്രോട്ടോക്കോള്‍ നിര്‍ബന്ധമാകുന്ന അതിഥികളെ ഒഴിവാക്കിക്കൊണ്ട് തന്നെ കേരളം മതനിരപേക്ഷതയും സാംസ്കാരിക തനിമയും നിലനിര്‍ത്തണം. മതേതരത്വത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന സംസ്ഥാനത്തിന്റെ ഭരണാധികാരികള്‍ വന്ദേമാതരത്തിന് മുന്നില്‍ നിര്‍ബന്ധിതാവസ്ഥയില്‍ മുഖം താഴ്ത്തി നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഭരണകൂടം ആര്‍ജവം കാട്ടണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പറഞ്ഞു.

Tags:    
News Summary - Onam week celebrations conclusion; Vande Mataram will be sung in full

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.