കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് കനത്ത വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. കൂടെ നിന്ന് പാർട്ടിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയത് ടി.കെ. ഗോവിന്ദനാണെന്നും തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ഗോവിന്ദനെന്നും രാഗേഷ് തുറന്നടിച്ചു. ശക്തമായ മത്സരത്തിന് പറ്റുന്ന ആളെ തളിപ്പറമ്പിൽ മത്സരിക്കാൻ തെരഞ്ഞെടുക്കണമായിരുന്നു. അതിൽ ഗുരുതര പിഴവാണ് സംഭവിച്ചത്. അക്കാര്യം തുറന്നുപറയാൻ യാതൊരു മടിയുമില്ലെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പിൽ നടന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് രാഗേഷ് ഉന്നയിച്ചത്. ചതിയനും വർഗവഞ്ചകനുമാണ് ഗോവിന്ദൻ. തളിപ്പറമ്പ് മണ്ഡലം ഒരിക്കലും അയാളെ മറക്കില്ല. എല്ലാ കാലവും ഓർത്തുവെക്കാൻ മാത്രം ജനങ്ങളോട് ഗോവിന്ദൻ ചെയ്തുവെച്ചെന്നും രാഗേഷ് വിമർശിച്ചു. പാർട്ടിയെ പല ഭാഗത്തുനിന്നും പലരും അക്രമിക്കുമ്പോൾ കൂട്ടത്തിലുള്ള ഒരുത്തൻ തന്നെ പാർട്ടിയുടെ നെഞ്ചത്ത് കഠാര കുത്തിയിറക്കി. തളിപ്പറമ്പിന്റെ ബ്രൂട്ടസായത് ടി.കെ. ഗോവിന്ദനാണെന്നും കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ട് വർധിച്ച മണ്ഡലമാണ് തളിപ്പറമ്പ്. ഏകദേശം 30000ത്തോളം വോട്ടുകൾ വർധിച്ചിരുന്നു. 80 ശതമാനത്തോളം വോട്ട് അതികരിച്ചത് മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിലാണെന്നും അത്രയും ശക്തമായ മണ്ഡലമായതിനാൽ പ്രതിരോധശേഷി മുന്നിൽ കണ്ട് സ്ഥാനാർഥിയെ നിർണയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പിലെ പോലെത്തന്നെ എല്ലായിടത്തും പാർട്ടി പരാജയപ്പെടാൻ കാരണം സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയാണെന്നും രാഗേഷ് വിമർശിച്ചു. നിരന്തരമായ ചർച്ചകൾക്ക് ശേഷം തുടർച്ചയായി മത്സരിക്കാത്ത ഒരു വനിതാ സ്ഥാനാർഥി വേണമായിരുന്നുവെന്നതായിരുന്നു തീരുമാനം. അങ്ങനെയാണ് ശ്യാമള ടീച്ചറെ തെരഞ്ഞെടുത്തെന്നും അത് ഇപ്പോൾ തെറ്റായിതോന്നുന്നുവെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.