ഓണം വാരാഘോഷ ഭാഗമായുള്ള സാംസ്കാരിക ഘോഷയത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് സംസ്ഥാന സർക്കാറിന്‍റെ ഉപഹാരം മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറുന്നു

ഓണം ‘വൈബ്’, സമാപനം അതിലും ‘കളറ്; ഓണം വാരാഘോഷത്തിന് സമാപനം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് താളമേളങ്ങളുടെയും വർണ വിസ്മയങ്ങളുടെയും ഉത്സവച്ഛായ പകർന്ന സാംസ്കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈകീട്ട് അഞ്ചിന് ലോക്ഭവന് സമീപത്ത് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, സി.പി. ജോണ്‍, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, കെ.എ. തുളസി, മേയർ വി.വി. രാജേഷ് തുടങ്ങിയവര്‍ സന്നിഹിതരായി. ഉപരാഷ്ട്രപതിക്ക് ഗവർണറും മുഖ്യമന്ത്രിയും ഉപഹാരങ്ങൾ സമ്മാനിച്ചു.

ഫ്ലാഗ് ഓഫിനു ശേഷം എല്ലാവരും വേദിയിലിരുന്നു വർണാഭമായ ഘോഷയാത്ര ആസ്വദിച്ചു. എം. വിൻസെന്റ് എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ല കലക്ടർ അനു കുമാരി, മുതിർന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കുചേർന്നു.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വി.വി.ഐ.പി പവലിയനിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്‌, ചാണ്ടി ഉമ്മൻ, സിനിമാ നടൻ ആസിഫ് അലി എന്നിവർ സമാപനഘോഷയാത്ര ആസ്വദിക്കാനെത്തിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരന്ന നിശ്ചലദൃശ്യങ്ങള്‍, ഇതര സംസ്ഥാനക്കാരുടേത് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍ അടങ്ങിയ ഘോഷയാത്ര കാഴ്ച വിസ്മയമായി.

ലോക് ഭവന്റെ മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പി.എം.ജി, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിച്ചു. കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്‌കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അനാവരണം ചെയ്ത 69 ഫ്ലോട്ടുകളും പ്രതിഷ്ഠാപനങ്ങളുമാണ് (ഇൻസ്റ്റലേഷൻ) വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരന്നത്.

നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. തമിഴ്‌നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. സ്‌കേറ്റിങ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, ആശ്വാരൂഡ സേനാ മാർച്ച്, റോളർ സ്‌കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ജനശ്രദ്ധ നേടി.

വന്ദേമാതരം പൂർണമായി പാടി

തിരുവനന്തപുരം: ഓണം സാംസ്കാരിക ഘോഷയാത്രയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പങ്കെടുത്ത ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍, കെ.എ. തുളസി, സി.പി. ജോണ്‍, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുള്ളപ്പോഴായിരുന്നു ആലാപനം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന പരിപാടികൾക്ക് കൃത്യമായ പ്രോട്ടോകോളുണ്ടെന്നും അത് കേരളത്തിനല്ല, ഒരു സംസ്ഥാനത്തിനും മാറ്റാനാവില്ലെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. രാജ്യത്തെവിടെ ഇവർ പങ്കെടുക്കുന്ന പരിപാടികൾക്കും ഇത് ബാധകമാണ്. ഇത് നിലപാടിന്‍റെ പ്രശ്നമല്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശിച്ച് ഉപരാഷ്ട്രപതിയുടെ ഓഫിസ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.

Tags:    
News Summary - Conclude the Onam week celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.