ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി: ഡോക്ടർക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചത് ഹൈകോടതി ശരിവെച്ചു

കൊച്ചി: ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്​ടർക്ക്​ വിജിലൻസ്​ കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെച്ചു. പാലക്കാട് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറായിരുന്ന അസി. സർജൻ മാവേലിക്കര തട്ടാരമ്പലം സ്വദേശി വി.കെ. ദേവയാനിക്ക് കോഴിക്കോട്​ വിജിലൻസ് കോടതി വിധിച്ച ഒരു വർഷം തടവും 1000 രൂപ പിഴയും ശിക്ഷയാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്ത്​ ശരിവെച്ചത്​.

2000 ഏപ്രിൽ 24ന്​ പാലക്കാട് കണിമംഗലം സ്വദേശിനിയുടെ ഗർഭഛിദ്രത്തിന് ദേവയാനി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് വിജിലൻസ് ഫിനോഫ്‌തലിൻ പുരട്ടി നൽകിയ നോട്ടുകൾ പരാതിക്കാർ നഴ്‌സിങ്​ അസിസ്റ്റന്റ് മുഖേന ഡോക്ടർക്ക്​ നൽകി. തുടർന്ന് വിജിലൻസെത്തി ഡോക്ടറുടെ ബാഗിൽനിന്ന് നോട്ടുകൾ കണ്ടെടുത്തു.

കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക കൃത്യവിലോപത്തിനുമാണ്​ 2009ൽ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദേവയാനി നൽകിയ അപ്പീൽ ഹരജിയാണ്​ സിംഗിൾബെഞ്ച്​ പരിഗണിച്ചത്​. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തിയ തന്നെ പരാതിക്കാർ കള്ളക്കേസിൽ കുടുക്കിയതാണെന്നായിരുന്നു ദേവയാനിയുടെ വാദം. എന്നാൽ, കൈകളിലും ബാഗിലുമുള്ള ഫിനോഫ്‌തലിൻ പൗഡറിന്റെ സാന്നിധ്യം തൃപ്തികരമായി വിശദീകരിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ഹൈകോടതി വിലയിരുത്തി.

Tags:    
News Summary - Bribe for abortion:Kerala HC upholds sentence of one year imprisonment and fine of 1000 rupees to doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.