എം.വി. ഗോവിന്ദൻ (ഫയൽ ചിത്രം)

ബ്രൂവറി: സി.പി.ഐയുമായി ചർച്ച നടത്തും; കാര്യങ്ങൾ മനസ്സിലാകാത്തത് എന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ

കണ്ണൂർ: പാലക്കാട് ബ്രൂവറി വിഷയത്തിൽ സി.പി.ഐ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.ഐക്കും ജെ.ഡി.എസിനും കാര്യങ്ങൾ മനസ്സിലാകാത്തത് എന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വന്നതാണ് ബ്രൂവറി വിഷയം. ഇതുസംബന്ധിച്ച് ചർച്ചക്ക് ആരും എതിരല്ല. മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ആവശ്യമുള്ള സ്പിരിറ്റ് ഇവിടെ ഉൽപാദിപ്പിക്കണമെന്നാണ് സർക്കാർ നയം. ബ്രൂവറിയിൽ ആദ്യഘട്ട ചർച്ച മാത്രമാണ് നടന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഒന്നാംഘട്ടമേ ആയിട്ടുള്ളൂ.

ഒരുതുള്ളി കുടിവെള്ളവും പദ്ധതിക്കായി ഉപയോഗിക്കില്ല. മഴവെള്ളം സംഭരിച്ചാണ് മദ്യനിർമാണശാല പ്രവർത്തിക്കുക. ആവശ്യമുള്ളത്ര സംഭരിക്കാനുള്ള സൗകര്യം അവിടെയുണ്ട്. അത് മനസ്സിലാവണമെങ്കിൽ കണ്ണൂർ പറശ്ശിനിക്കടവ് അമ്യൂസ്മെന്‍റ് പാർക്കിലെ സംഭരണം എല്ലാവരും കാണണം. കർണാടക സ്പിരിറ്റ് ലോബിക്കു വേണ്ടിയാണ് കോൺഗ്രസ് പദ്ധതിക്കെതിരെ സംസാരിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

നേരത്തെ, എലപ്പുള്ളിയിൽ ബ്രൂവറി വിഷയത്തിൽ സർക്കാർ തിരുത്തലിന് തയാറാകണമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിൽ ആവശ്യപ്പെട്ടിരുന്നു. കൃഷിക്കുള്ള വെള്ളം മദ്യനിർമാണത്തിനായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ജനങ്ങളുടെ താൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽപെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണമെന്നും ലേഖനത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മോകേരിയാണ് പാർട്ടി പത്രത്തിൽ ലേഖനമെഴുതിയത്.

പാലക്കാട്ടെ, വിവാദ ബ്രൂവറിയുടെ കാര്യത്തിൽ മന്ത്രിസഭ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ നിശ്ശബ്ദതയും നേതൃത്വത്തിന്‍റെ നിസ്സംഗതയും പാർട്ടിക്കുള്ളിൽ വലിയ വിമർശനം നേരിട്ടതോടെയാണ് നേതാക്കൾ ബ്രൂവറിക്കെതിരെ പരസ്യമായ എതിർപ്പ് പ്രകടപ്പിച്ചത്. സി.പി.ഐക്ക് പിന്നാലെ എൽ.ഡി.എഫിലെ മറ്റൊരു ഘടകകക്ഷിയായ ജെ.ഡി.എസിലും എതിർപ്പുയർന്നിട്ടുണ്ട്. വ്യക്തമായ നിലപാട് എടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി കൃഷ്ണൻ കുട്ടിയെ പിൻവലിക്കണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്.

Tags:    
News Summary - Brewery: Discussions will be held with CPI -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.