തിരുവനന്തപുരം: എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് മുന്നണിയിൽ പൊട്ടലും ചീറ്റലും കനത്തതോടെ, ഉഭയകക്ഷി ചർച്ചക്ക് സി.പി.എം. ജില്ല സമ്മേളനങ്ങളുടെ തിരക്കിലുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തും. തുടർന്ന്, സി.പി.ഐയുമായാണ് ആദ്യ ചർച്ച. സർക്കാർ തീരുമാനത്തിൽ കടുത്ത വിയോജിപ്പ് പരസ്യപ്പെടുത്തിയ ആർ.ജെ.ഡിയുമായും ആശയവിനിമയം നടത്തും. ശേഷമാകും മുന്നണി യോഗം. മന്ത്രിസഭ അജണ്ട മുൻകൂട്ടി അറിഞ്ഞിട്ടും ഗൗരവം തിരിച്ചറിയാതിരുന്ന സി.പി.ഐ നേതൃത്വവും മന്ത്രിമാരും പാർട്ടിക്കുള്ളിൽ പ്രതിരോധത്തിലാണ്.
എക്സിക്യൂട്ടിവ് യോഗത്തിലെ രൂക്ഷ വിമർശനങ്ങൾക്കുശേഷം നിലപാട് മാറ്റാൻ നിർബന്ധിതമായ നേതൃത്വം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയുമായിരുന്നു. ആർ.ജെ.ഡി മന്ത്രിസഭ യോഗ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നയപരമായ തീരുമാനങ്ങൾ മുന്നണി യോഗം കൂടി അറിഞ്ഞുവേണമെന്ന നിലപാട് ശക്തമായി ആർ.ജെ.ഡി ഉന്നയിക്കുന്നതിനും കാരണമിതാണ്.സർക്കാറിന്റെ നയപരമായ തീരുമാനങ്ങൾ പലതും മുന്നണിയിൽ ചർച്ച ചെയ്യാറില്ലെന്ന വിമർശനവും എൽ.ഡി.എഫിൽ ശക്തമാണ്. എല്ലാ ഘടകകക്ഷികളെയും മാനിക്കുമെന്ന് സി.പി.എം ആവർത്തിക്കുമ്പോഴാണ് ഈ അതൃപ്തി നിഴലിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനവും മുന്നണിയിൽ കൂടിയാലോചിച്ചിരുന്നില്ല. വെള്ളക്കരവും യാത്രാനിരക്ക് ഭേദഗതിയുമടക്കം ഭരണപരമായ തീരുമാനങ്ങൾ പോലും എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ധാരണയായ ശേഷം മന്ത്രിസഭയിലേക്കെത്തുന്ന പതിവ് കീഴ്വവഴക്കങ്ങളിൽ നിന്നാണ് ഈ വഴുതിമാറ്റം. മദ്യനിർമാണശാലയിൽ ജലലഭ്യതയും പരിസ്ഥിതി പ്രശ്നവുമാണ് സി.പി.ഐ ഉന്നയിക്കുന്നതെങ്കിൽ ഇതിനൊപ്പം മദ്യം സാർവത്രികമാകുന്നതിന്റെ വിപത്ത് കൂടി സോഷ്യലിസ്റ്റ് നിലപാടിൽ ഊന്നി ആർ.ജെ.ഡി മുന്നോട്ടുവെക്കുന്നു. തെരഞ്ഞെടുപ്പ് വർഷത്തിലാണ് കനത്ത പ്രതിഷേധവും പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തീരുമാനമെന്നതും പാർട്ടി ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തിലെ ആശങ്ക ദൂരീകരിച്ച് സി.പി.ഐയെ അനുനയിപ്പിക്കാനാണ് സി.പി.എം ശ്രമം. അനുനയം സാധ്യമായാൽ എൽ.ഡി.എഫ് യോഗത്തിൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് മുന്നണി യോഗം അടിയന്തരമായി ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി ഇടതു കൺവീനർ ടി.പി. രാമകൃഷ്ണന് കത്ത് നൽകി. ചൊവ്വാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് കത്തയച്ചത്. ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് വിവരം ഫോൺ മുഖേനയും കൺവീനറെ അറിയിച്ചു.
എൽ.ഡി.എഫിൽ വിഷയം സമഗ്രമായി ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുന്നതു വരെ മദ്യശാലയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ നടപടികളും നിർത്തിവെക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മന്ത്രിസഭ യോഗം ഇത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മുന്നണിയുടെ അംഗീകാരം കൂടിയുണ്ടാകേണ്ടതുണ്ടെന്നും അത് ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
ആർ.ജെ.ഡിയുടെ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച ടി.പി. രാമകൃഷ്ണൻ അധികം വൈകാതെ, മുന്നണിയോഗം വിളിക്കുമെന്നും വ്യക്തമാക്കി. ‘കേരളത്തിനാവശ്യമായ മദ്യം ഇവിടെ തന്നെ ഉൽപാദിപ്പിക്കണമെന്ന് നേരത്തെ തന്നെ നയപരമായി തീരുമാനിച്ചിട്ടുണ്ട്. മുന്നണിയിലെ ഏത് ഘടകകക്ഷിക്ക് ഇക്കാര്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും ചർച്ച ചെയ്യാൻ തയാറാണ്. എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം മാനിച്ചാണ് മുന്നോട്ടുപോകുന്നത്. വിദേശ മദ്യ ഔട്ട്ലെറ്റുകളും ബാർ ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ ആവശ്യമായ മദ്യം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജല ചൂഷണവുമായി ബന്ധപ്പെട്ട് സി.പി.ഐ ഉയർത്തിയ ആശങ്കകൾ തന്നെയാണ് ആർ.ജെ.ഡിയും ഉന്നയിക്കുന്നത്. പരിസ്ഥിതി പ്രശ്നം, പഞ്ചായത്ത് അനുമതി, ഗ്രാമസഭയുടെ അംഗീകാരം, കുടിവെള്ള ലഭ്യത, ജനങ്ങളുടെ ആശങ്ക എന്നിവയെല്ലാം ചർച്ച ചെയ്തേ തീരുമാനത്തിലേക്ക് കടക്കാവൂവെന്നാണ് പാർട്ടിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.