ആശാ പ്രവർത്തകരുടെ ദുരിത ജീവിതത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികൾ- കെ.എ.എച്ച്.ഡബ്ല്യു.എ

തിരുവനന്തപുരം : രാജ്യത്തെ ആശാ വർക്കർമാർ നേരിടുന്ന ഗുരുതരമായ ജീവൽപ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രത്തി ലെയും സംസ്ഥാനത്തെയും സർക്കാരുകൾക്ക് ഒഴിയാനാ വില്ലെന്നതാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ്അസോസിയേഷൻ. ഇപ്പോൾ സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന സമരത്തെ മുൻനിർത്തി, കെ.എ.എച്ച്.ഡബ്ള്യു.എയ്ക്ക് കേന്ദ്രസർക്കാരിനെതിരായ നിലപാടില്ല എന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് വി.കെ. സദാനന്ദൻ അറിയിച്ചു.

അത് സംസ്ഥാനസർക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള കുതന്ത്രമാണ്. ഒരു ദശാ ബ്ദത്തിലധികമായി തുഛമായ ഇൻസെന്റീവുകൾ പോലും വർദ്ധിപ്പിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാരിന്റെ നയ ങ്ങൾക്കെതിരെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രണ്ട് തവണ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ ഇതേ നിലപാടുള്ള സി.ഐ.ടി.യു ഉൾപ്പെടയുള്ള സംഘടനകളുമായി ഐക്യപ്പെട്ടുകൊണ്ട് ദേശീയപ്രക്ഷോഭത്തിനുവേണ്ടിയും അസോസിയേഷൻ നിലകൊള്ളുന്നു.

സംസ്ഥാന സർക്കാർ നടപ്പാക്കേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ് സെക്രട്ടേറിയറ്റ് നടയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏതൊരു കേന്ദ്രാവിഷകൃത പദ്ധതിയിലും സംസ്ഥാനങ്ങൾക്ക് സ്വന്തം ചുമതല നിർവ്വഹിക്കാനുണ്ടാകും. അത് നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ പ്രക്ഷോഭം ആ സർക്കാരിനെതിരെയായിരിക്കും. കേന്ദ്രത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് ആവർത്തിക്കുന്ന സി.ഐ.ടി.യു എത്രയോ വട്ടം വിവിധ സംസ്ഥാനങ്ങളിൽ - എന്തിന് കേരളത്തിലുൾപ്പടെ - സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തിയിരിക്കുന്നു. പതിനായിരം രൂപ ഓണറേറിയം ഉമ്മൻ ചാണ്ടി സർക്കാർ നൽകണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട സി.ഐ.ടി.യു നേതാവാണ് കേരള സർക്കാരിനെതിരെ സമരം ചെയ്യുന്നതിനെതിരെ ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ ആരോഗ്യവകുപ്പിനുവേണ്ടിയാണ് ആശമാർ പണിയെടുക്കുന്നത്. അവരുടെ ഓണറേറിയം വർധിപ്പിക്കേണ്ടതും വിരമിക്കൽ ആനുകൂല്യം നടപ്പാക്കേണ്ടതും സംസ്ഥാന സർക്കാരാണ്. ആന്ധ്ര സർക്കാരിന് ഇപ്പോൾ ആശമാർക്ക് ഗ്രാറ്റുവിറ്റി പ്രഖ്യാപിക്കാൻ കഴിഞ്ഞതും അതിനാലാണ്. ആരോഗ്യം സംസ്ഥാന ലിസ്റ്റിൽപ്പെട്ട കടമയാണെന്നതും നാം വിസ്മരിക്കരുത്. സ്വന്തം ഉത്തരവാദിത്തം നിർവ്വഹിക്കാതെ, ആശമാരെ വഞ്ചിക്കുന്ന കേരള സർക്കാരിന്റെ വക്കാലത്തുകാരാണ് അസോസിയേഷനെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേന്ദ്രഭരണത്തിന്റെ ചില പ്രതിനിധികൾ പന്തലിൽ വന്നപ്പോൾ ആശമാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന അവഗണനയും കുറ്റകരമായ നിസംഗതയും അസോസിയേഷന്റെ ഭാരവാഹികൾ ശക്തമായി ചൂണ്ടിക്കാട്ടുകയുണ്ടായി. പിന്തുണച്ചെത്തുന്ന ആരെയും ഒഴിവാക്കുക എന്നത് വിശാലമായ ഒരു സമരത്തിന്റെ ജനാധിപത്യ സമീപനമായി ഞങ്ങൾ കരുതുന്നില്ല. കേന്ദ്രമന്ത്രി പന്തലിലെത്തിയപ്പോഴും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിൽ ആശാ സമരത്തിന്റെ നേതൃത്വം ഒരു വൈമുഖ്യവും കാട്ടിയില്ലെന്നും വി.കെ. സദാനന്ദൻ അറിയിച്ചു.  

Tags:    
News Summary - Both central and state governments are responsible for the miserable lives of Asha workers- KAHWA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.