ബൂസ്റ്റർ ഡോസ്: വാക്സിൻ വിലക്കൊപ്പം സ്വകാര്യ ആശുപത്രികൾക്ക് 150 രൂപ വരെ സർവീസ് ചാർജ് ഈടാക്കാം

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്സിന്‍ തന്നെയാണ് ബൂസ്റ്റർ ഡോസായി എടുക്കേണ്ടത്. ബൂസ്റ്റർ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. വാക്സിന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വീസ് ചാര്‍ജായി കേന്ദ്രങ്ങള്‍ ഈടാക്കാവൂയെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്സിൻ പോലെ കരുതൽ ഡോസ് വാക്സിൻ സൗജന്യമായിരിക്കില്ല. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്കു മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുന്നത്.

രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂ‍ർത്തിയായ ശേഷം മാത്രമേ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെയും മൂന്നാംഡോസ് സ്വീകരിക്കാത്തതിനാല്‍ ചിലര്‍ക്ക് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അംഗീകരിക്കുന്നില്ല.

Tags:    
News Summary - Booster dose: Private hospitals may charge a service charge of up to Rs 150

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.