കണ്ണൂരിൽ ബോംബ് നിർമിക്കുന്നു, പൊട്ടുന്നു; നടപടിയോ ചട്ടപ്പടിയും

കണ്ണൂർ: നാടിനെ ആശങ്കയിലാക്കി കണ്ണൂരിൽ പലയിടത്തും ബോംബ് നിർമാണം തകൃതി. പാതിവഴിയിൽ പൊട്ടിത്തെറിക്കുമ്പോഴാണ് ബോംബാണെന്ന വിവരംപോലും നാടറിയുന്നത്. ജില്ലയിലെ വിവിധയിടങ്ങളിലായി മാസങ്ങൾക്കിടെ മൂന്നിടത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. മൂന്നിടത്തും പ്രതിസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകർ. ബോംബ് നിർമിക്കുന്നവരെ കൈയോടെ കിട്ടിയിട്ടും പ്രതികൾക്കെതിരെ ചുമത്തുന്നതാവട്ടെ ദുർബല വകുപ്പുകൾ. അതിനാൽ, കേസും അറസ്റ്റും എല്ലാം ചട്ടപ്പടി.

പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ആലക്കാട് ബിജുവിന്റെ വീടിനു സമീപമുണ്ടായ സ്ഫോടനമാണ് ഏറ്റവും ഒടുവിലേത്. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ വീട്ടിലെ വളർത്തുനായ് പൊട്ടിച്ചിതറി. മുമ്പും ഇവിടെ പലതവണ സമാന രീതിയിൽ സ്ഫോടനം നടന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ധൻരാജ് വധം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. 2022ൽ ബോംബ് നിർമാണത്തിനിടെ ഇയാളുടെ കൈവിരലുകൾ അറ്റിരുന്നു. 2022 ആഗസ്റ്റിൽ കാപ്പ ചുമത്തി അറസ്റ്റിലായി. മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങി.

തലശ്ശേരി-ഇരിട്ടി മേഖലകളിലും മാസങ്ങൾക്കുമുമ്പ് സമാന രീതിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി. രണ്ടിടത്തും പ്രതികൾ ആർ.എസ്.എസുകാർ. തലശ്ശേരി എരഞ്ഞോളിപാലത്തിനടുത്ത്‌ ഉണ്ടായ പൊട്ടിത്തെറിയിൽ കച്ചുമ്പ്രത്ത്‌താഴെ ശ്രുതിനിലയത്തിൽ വിഷ്‌ണുവിന്റെ കൈപ്പത്തി ചിതറിത്തെറിച്ചത് ഏപ്രിൽ 12ന്.

കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ്, ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റത് മാർച്ച് 12ന്. വീടിന്റെ അടുക്കളഭാഗത്ത് രാത്രിയായിരുന്നു സ്ഫോടനം. 2018ലും ഇയാളുടെ വീട്ടിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തു. മാസങ്ങൾക്കു മുമ്പ് നടന്ന ഈ രണ്ട് സ്ഫോടനങ്ങളിലും പ്രതികൾ ഉടൻ അറസ്റ്റിലായി. ഇപ്പോൾ എല്ലാവരും ജാമ്യത്തിൽ.

ആളുകളെ കൊല്ലാനുള്ള ബോംബുണ്ടാക്കുന്നവരെ പിടികൂടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതോടെ പൊലീസിന്റെ പണി തീർന്നു. പ്രത്യേക അന്വേഷണ സംഘമോ ശക്തമായ വകുപ്പുകൾ ചുമത്തലോ ഒന്നും ആഭ്യന്തരവകുപ്പിന്റെ അജണ്ടയിലില്ല. ഇതോടെ പ്രതികൾ പുറത്തിറങ്ങി വീണ്ടും പഴയ പണി തുടരുന്നു.


Tags:    
News Summary - Bomb making and blasting continues in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.