കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും- മന്ത്രി വീണാ ജോര്‍ജ്


കോഴിക്കോട് : കൂടുതല്‍ ആശുപത്രികളില്‍ ആവശ്യകതയനുസരിച്ച് ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ ആറ് ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദാനം ചെയ്യപ്പെടുന്ന ഓരോ യൂനിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് നാലു പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു. 42 ബ്ലഡ് ബാങ്കുകളിലും രക്തഘടകങ്ങളുടെ വേര്‍തിരിക്കല്‍ സാധ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യം. 33 ഇടത്താണ് ഇത് സാധ്യമായത്. നാല് ഇടങ്ങളില്‍ക്കൂടി സജ്ജമാക്കിയിട്ടുണ്ട്. 2025 ഓടെ എല്ലായിടത്തും ഇത് സജ്ജമാക്കുന്നതാണ്.

സംസ്ഥാനത്ത് സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി 'സഞ്ചരിക്കുന്ന രക്തബാങ്ക്' വഴിയും രക്തശേഖരണം നടത്തുന്നുണ്ട്. രക്തദാന ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും 'ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍' വാഹനങ്ങളുടെ സേവനവും ലഭ്യമാണ്. രക്തബാങ്കുകളുമായി ബന്ധപ്പെട്ട് കാലോചിതമായ ആധുനികമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ ഒരു വര്‍ഷം നാല് ലക്ഷം യൂനിറ്റിന് മുകളില്‍ രക്തം ആവശ്യമായി വരുന്നു. ഇതില്‍ 78 ശതമാനം സന്നദ്ധരക്തദാതാക്കളില്‍ നിന്നും ശേഖരിക്കുന്നതാണ്. 2025 ആകുമ്പോള്‍ ആവശ്യമായി വരുന്ന രക്തത്തിന്റെ 100 ശതമാനവും സന്നദ്ധ രക്തദാതാക്കളില്‍ നിന്നും ശേഖരിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എ.ല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി. കെ.പദ്മകുമാര്‍ മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, ഡി.പി.എം ഡോ. ആശ വിജയന്‍, ഡോ.ഹാഫിസ്, കെ കുഞ്ഞഹമ്മദ്, ഡോ. എസ്.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത സ്വാഗതവും ജോ. ഡയറക്ടര്‍ രശ്മി മാധവന്‍ നന്ദിയും പറഞ്ഞു

News Summary - Blood banks to be set up in more hospitals: Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.