തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി എതിർപക്ഷം ദേശീയനേതൃത്വത്തിന് മുന്നിൽ. പാർട്ടിയിൽ ഏകാധിപത്യമാണ്. കൂടിയാലോചനകൾ നടക്കുന്നില്ല. കേന്ദ്ര സഹമന്ത്രി വി. മുരളീധരനോട് മാത്രം കാര്യങ്ങൾ ചർച്ച ചെയ്ത് പ്രസിഡൻറ് തീരുമാനങ്ങൾ നടപ്പാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുതിർന്ന നേതാക്കളെ അപ്പാടെ അവഗണിച്ചു. അവരുടെ പരിചയസമ്പത്ത് ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ഉൾപ്പെടെ സ്വന്തമാക്കാനാകുമായിരുന്നെന്നും സുരേന്ദ്രൻ വിരുദ്ധപക്ഷം ആരോപിക്കുന്നു.
സുരേന്ദ്രനെ പ്രസിഡൻറ് സ്ഥാനത്ത് നിലനിർത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിലെ രണ്ട് നേതാക്കളെ പിന്തുണക്കുന്ന വിഭാഗങ്ങൾ കേന്ദ്ര നേതൃത്വത്തിന് വെവ്വേറെ കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സുവർണാവസരം നഷ്ടപ്പെടുത്തിയത് നേതൃത്വത്തിെൻറ പിടിപ്പുകേട് കൊണ്ടാണെന്നും ഇവർ ആരോപിക്കുന്നു. 2015 നെക്കാൾ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിെൻറ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷവും വിമർശിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഉണ്ടായ പാളിച്ചകളാണ് ഭരണം പിടിക്കാൻ കഴിയാത്തതിന് കാരണം. എല്ലാം സുരേന്ദ്രൻ ഒറ്റക്ക് തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് സമിതിയും കോർകമ്മിറ്റിയും ചേർന്നില്ല. സംസ്ഥാനത്ത് പ്രകടനപത്രിക ഇറക്കാൻപോലും കഴിഞ്ഞില്ല.
ശോഭ സുരേന്ദ്രൻ, പി.എം. വേലായുധൻ, കെ.പി. ശ്രീശൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കായി വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് മറ്റ് പാർട്ടികളിൽനിന്ന് വരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നു. അണികൾ ആകെ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ച പരാതികൾ തീർക്കണമെന്ന ആർ.എസ്.എസ് നേതാക്കളുടെ നിർദേശം പോലും പരിഗണിച്ചില്ല. പ്രശ്നം തീർക്കുമെന്ന് കേരളത്തിെൻറ ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ഇടപെട്ടുണ്ടാക്കിയ ഉറപ്പും സംസ്ഥാന നേതൃത്വം കണക്കിലെടുത്തില്ലെന്ന് അവർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.