അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കർണാടകയിലെ ബി.ജെ.പി എം.എൽ.എ അറസ്റ്റിലായി

ബംഗളൂരു: കൈക്കൂലി കേസിൽ ബി.ജെ.പി എം.എൽ.എയെ അറസ്റ്റിലായി. കർണാടകയിൽ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് ലോകായുക്ത പോലീസ് ബി.ജെ.പി എം.എൽ.എ ചന്ദ്രു ലമാനിയെ അറസ്റ്റ് ചെയ്തത്.

ഗദഗ് ജില്ലയിലെ ചിഞ്ചാലിയിൽ നിന്നുള്ള കരാറുകാരൻ വിജയ് പൂജാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചന്ദ്രു ലമാനി, അദ്ദേഹത്തിന്റെ രണ്ട് സഹായികളായ മഞ്ജുനാഥ് വാൽമീകി, ഗുരുനായ്ക് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ശിരഹട്ടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ലമാനി.

മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണവും വൃത്തിയാക്കലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന കരാറുകാരനിൽ നിന്ന് 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ്ആരോപണം. എം.എൽ.എയും മറ്റ് രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ വാങ്ങിച്ചെന്നാണ് റിപ്പോർട്ട. തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

1988 ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ലമാനി ലോകായുക്തയുടെ പിടിയിലായി. ബി.ജെ.പി നേതാക്കൾ ഇപ്പോൾ എന്ത് പറയും? അവർ പ്രതികരിക്കണം, അല്ലേ? മറ്റുള്ളവർക്കെതിരെ അഴിമതിയും കൈക്കൂലിയും ആരോപിച്ച് സംസാരിക്കുന്നത് എളുപ്പമാണ്. എന്നാൽ ഇപ്പോൾ ഒരു ബി.ജെ.പി എം.എൽ.എ തന്നെ അറസ്റ്റിലായിരിക്കുകയാണ്. ഇനി എന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. "ബി.ജെ.പി നേതാക്കൾ വളരെ സത്യസന്ധരാണ്. അവർ ഈ രാജ്യത്തെ അഴിമതിരഹിതരാണ്. ലോകായുക്തക്ക് ചില തെറ്റായ വിവരങ്ങൾ ലഭിച്ചിരിക്കാം" എന്ന് പറഞ്ഞു.

വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പി.ടി.ഐയോട് പറഞ്ഞു.

Tags:    
News Summary - BJP MLA in Karnataka arrested for accepting bribe of Rs 5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.