കണ്ണൂർ: ദേശീയതലത്തിലും പശ്ചിമ ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റവും വളർച്ചയും തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും സി.പി.എമ്മിന് വീഴ്ച സംഭവിച്ചുവെന്ന് 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ട്. പാർട്ടി സെന്ററിലെ പി.ബി അംഗങ്ങൾ വിടുവായത്തം (ലൂസ് ടോക്ക്) നടത്തരുതെന്നും റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.
ദേശീയതലത്തിൽ ഫാഷിസ്റ്റ് മനോഭാവമുള്ള ആർ.എസ്.എസ് പിന്തുണക്കുന്ന ബി.ജെ.പിയാണ് ഇന്ന് മുഖ്യശത്രു. പക്ഷേ രാജ്യത്ത് ആർ.എസ്.എസിന്റെ വളർച്ച വേണ്ടവിധത്തിൽ തിരിച്ചറിയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെടുന്നു. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന അജണ്ടയും അതിന്റെ സ്വാധീനവും മനസ്സിലാക്കാനായില്ല. ആർ.എസ്.എസിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് തയാറാക്കാൻ പാർട്ടി സെന്ററിനോട് നിർദേശിച്ചിരുന്നുവെങ്കിലും അവർക്ക് അതിന് ആയിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളർച്ച തിരിച്ചറിയാനായില്ല. ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ എതിർക്കുന്നതിനുപകരം പ്രാദേശിക പാർട്ടികളെ എതിർക്കുകയായിരുന്നുവെന്ന് ബംഗാളിൽ ടി.എം.സിയെ സി.പി.എം എതിർക്കുന്നത് എടുത്തുപറയാതെ ചൂണ്ടിക്കാട്ടുന്നു.
സെന്ററിലെ പി.ബി അംഗങ്ങൾക്കിടയിൽ ഏകമനസ്സോടെയുള്ള പ്രവർത്തനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. പി.ബി അംഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസം കൂടുതൽ വികസിപ്പിക്കണം. പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ച ചോരുന്നതും മാധ്യമങ്ങൾക്ക് വിവരം നൽകുന്നതും സംബന്ധിച്ച ഗുരുതര പ്രശ്നം തുടരുകയാണ്. ഒരു കാരണവശാലും പി.ബി അംഗങ്ങൾ ലൂസ് ടോക്കിൽ ഏർപ്പെടരുതെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. സംസ്ഥാന സമിതി യോഗങ്ങളിൽ പങ്കെടുക്കുന്ന പി.ബി അംഗങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് ഇതുവരെയും രൂപവത്കരിച്ചിട്ടില്ല.
വർഗ ബഹുജന സംഘടനകളുടെ വിലയിരുത്തൽ കാര്യക്ഷമമായി നടക്കുന്നില്ല. പ്രാദേശിക സമരങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നു. ചില സംസ്ഥാന ഘടകങ്ങൾ അവിടങ്ങളിലെ സാമുദായിക ശക്തികളെയോ മേധാവിത്വ ശക്തികളെയോ പിണക്കാതിരിക്കാൻ സമരങ്ങൾ ഉപേക്ഷിച്ച സംഭവങ്ങളുണ്ടായി.
രാജ്യത്ത് കേരളത്തിലാണ് പാർട്ടിക്ക് ഏറ്റവും അധികം അംഗങ്ങളുള്ളത്, അഞ്ച് ലക്ഷത്തിൽ പരം. ഇത് പശ്ചിമ ബംഗാളിന്റെ അംഗത്വത്തിന്റെ മൂന്നിരട്ടിയാണ്. മൂന്നുവർഷം മുമ്പ് 4.63 ലക്ഷമായിരുന്നു. ബംഗാളിലെ അംഗസംഖ്യ 2017ൽ 2.08 ലക്ഷമായിരുന്നത് ഒരു ലക്ഷത്തിൽ പരമായി ഈ മൂന്നുവർഷത്തിനിടെ വീണ്ടും കുറഞ്ഞു. കേരളത്തിൽ 31 വയസ്സിൽ താഴെയുള്ളവരുടെ അംഗസംഖ്യയിൽ അഞ്ച് ശതമാനത്തിന്റെ വർധനവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.