യുവതിയെ മുറിയിൽ പൂട്ടിയിട്ട്​ ക്രൂരമായി മർദിച്ച യുവമോർച്ച നേതാവിനെ പുറത്താക്കി ബി.ജെ.പി

കൊച്ചി: ഒപ്പം​ താമസിച്ചിരുന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ട്​ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ യുവമോർച്ച നേതാവിനെ ബി.ജെ.പിയിൽനിന്ന്​ പുറത്താക്കി. യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവത്തെയാണ്​ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കിയത്​.

സജീവ ബി.ജെ.പി പ്രവർത്തകനായിരുന്ന ​ഗോപുവിനെതിരെ പാർട്ടിയുടെ കോൾ സെന്‍റർ ജീവനക്കാരി മുമ്പ്​ പരാതി നൽകിയിരുന്നു. ​ഇതിൽ പാർട്ടി ഒരു നടപടിയും എടുക്കാതിരുന്നത്​ ചർച്ചയായിരുന്നു. ഈ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ്​ ഗോപുവിനെ പുറത്താക്കിയതായി ജില്ല പ്രസിഡന്‍റ്​ ഷൈജു അറിയിച്ചത്​. എന്നാൽ, ഇയാൾക്കെതിരെ യുവമോർച്ച ഒരു നടപടിയും എടുത്തിട്ടില്ല.


യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു ആദ്യം മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ യുവതിയെ കണ്ടെത്തിയതോടെ സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇതുപ്രകാരം പൊലീസ് സ്റ്റേഷനിലെത്തിയെ യുവതി ഗോപുവിനെതിരെ പരാതി നൽകുകയായിരുന്നു. പുറത്തുപോകാൻ സമ്മതിക്കാതെ തന്നെ വീട്ടിൽ പൂട്ടിയിടുകയാണെന്നും ചാർജർ കേബിൾ മുറിയുന്നത് വരെ നിരന്തരം ക്രൂരമായി മർദിക്കുന്നുവെന്നും യുവതി മൊഴി നൽകി. യുവതിയുടെ ശരീരം മുഴുവൻ മർദനമേറ്റ പാടുകളുണ്ടായിരുന്നു.

ഗോപുവും യുവതിയും അഞ്ച് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. വിവാഹമോചിതയാണ് യുവതി. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽ‌കിയിട്ടുണ്ട്.

Tags:    
News Summary - BJP expels Yuva Morcha leader who brutally attacked young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.