വ്യാജ രസീത്: ബി.ജെ.പി നേതാക്കൾ അധ്യാപകനെ മർദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗൺസിലിന് വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ട കോളജ് അധ്യാപകനെ ബി.ജെ.പി നേതാക്കൾ മർദിച്ചതായി പരാതി. വടകര ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളേജിലെ അധ്യാപകനും ബി.ജെ.പിയുടെ പ്രാദേശിക നേതാവുമായിട്ടുള്ള ശശികുമാറിനെയാണ് മർദിച്ചത്. വ്യാജരസീത് പുറത്തായത് അധ്യാപകൻ മുഖേനയാണെന്ന് ആരോപിച്ചായിരുന്നു മർദനം. 

സംഭവത്തിൽ 15 പേർക്കെതിരേ പയ്യോളി പൊലീസ് കേസെടുത്തു. ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവർക്കെതിരെയാണ് ശശികുമാർ പരാതി നൽകിയത്. പ്രിൻസിപ്പലിന്‍റെയും മാനേജ്മെന്‍റ് പ്രതിനിധികളുടേയും അടുത്തിരിക്കുമ്പോഴാണ് കോളറിന് പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. കഴുത്തിന് പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. 

ദേശീയ കൗൺസിലിന്‍റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്‍റെ തെളിവുകൾ നേരത്തേ പുറത്ത് വന്നിരുന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്തംബർ 23,24,25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗൺസിൽ നടന്നത്. 
 

Tags:    
News Summary - BJP Attacked Teacher fake Reciept-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.