സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, അടിയന്തര നടപടികൾക്ക് നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അടിയന്തര പ്രതിരോധ നടപടികൾക്ക് നിർദേശം നൽകി.

ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാല് വാർഡിലുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗം കണ്ടെത്തിയത്.

കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനഫലം മൃഗസംരക്ഷണ വകുപ്പിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.

കോഴി, താറാവ്, കാട എന്നിങ്ങനെ എല്ലായിനം വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം. പക്ഷികളുമായി ഇടപഴകുന്നവർ ശ്രദ്ധിക്കണം. സാധാരണഗതിയില്‍ പക്ഷിപ്പനി പെട്ടെന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും ഇന്‍ഫ്ളൂവന്‍സ എ വിഭാഗം വൈറസുകള്‍ പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള രോഗാണുവാണ്. മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പകരാറുണ്ട്. 

Tags:    
News Summary - Bird flu confirmed in two districts, urgent measures ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.