ആലപ്പുഴ: സി.പി.ഐയുടെ നിർണായക സംസ്ഥാന നിർവാഹക സമിതിയോഗം ചേരാനിരിക്കെ പി.എം ശ്രീ വിവാദത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചർച്ചയുടെ വാതിൽ എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടപ്പുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ഇടത് മുന്നണിയിലെ പാർട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. അതിനാൽ, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ എല്ലാ വാതിലും എൽ.ഡി.എഫിൽ ഉണ്ടാകും. എൽ.ഡി.എഫ് എൽ.ഡി.എഫ് ആണെന്നും ആശയ അടിത്തറയും രാഷ്ട്രീയ അടിത്തറയും ഉണ്ട്. അതുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വ്യക്തമാക്കി.
പി.എം ശ്രീയിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സി.പി.എം നേതാവും മന്ത്രിയുമായ കെ. രാജൻ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. സി.പി.ഐ കൃത്യമായ നിലപാടുള്ള പാർട്ടിയാണെന്നും കെ. രാജൻ വ്യക്തമാക്കി.
പി.എം ശ്രീയിൽ നിലപാട് മാറ്റമില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കി. ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല. സി.പി.ഐയും സി.പി.എമ്മും തമ്മിലാണ് സമവായം നോക്കേണ്ടത്. വിഷയത്തിൽ അന്തിമ തീരുമാനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അത് സെക്രട്ടറി പറയുമെന്നും ജെ. ചിഞ്ചു റാണി ചൂണ്ടിക്കാട്ടി.
പാർട്ടി നിലപാടാണ് സെക്രട്ടറി പറഞ്ഞതെന്ന് മന്ത്രി ജി.ആർ. അനിലും വ്യക്തമാക്കി. നയപരമായ വിഷയത്തിൽ സംഘടനാപരമായ തീരുമാനം എടുക്കാനാണ് നിർവാഹക സമിതി യോഗം ചേരുന്നത്. പാർട്ടി പറയുന്ന കാര്യത്തിൽ ഒരു തുള്ളി വെള്ളം പോലും ചേർക്കില്ല. രാജിയല്ല, ചർച്ചയാണ് പരിഹാരം. പാർട്ടിക്ക് അപ്പുറം മന്ത്രിയുണ്ടോ എന്നും ജി.ആർ. അനിൽ ചോദിച്ചു.
തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിന്നോട്ടില്ലെന്നുറച്ച് സി.പി.ഐ. ഇടതുമുന്നണി സർക്കാറിന്റെ വർഗീയ-ഫാഷിസ്റ്റ് വിരുദ്ധ മുഖത്ത് കരിവാരിത്തേക്കുന്ന കരാറിൽനിന്ന് പിൻവാങ്ങി ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. അതേസമയം, കരാറിൽനിന്ന് പിൻവാങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ മുന്നണിയിലെ പോര് തീർക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. പി.എം ശ്രീയിലെ തുടർനിലപാട് തീരുമാനിക്കാൻ തിങ്കളാഴ്ച ആലപ്പുഴയിൽ സി.പി.ഐയുടെ നിർണായക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും.
മുഖ്യമന്ത്രി വിവിധ പരിപാടികൾക്കായി തിങ്കളാഴ്ച ആലപ്പുഴയിലെത്തുന്നതിനാൽ അവിടെ കൂടിക്കാഴ്ച നടന്നേക്കുമെന്നും സൂചനയുണ്ട്. പദ്ധതിയിൽ ഒപ്പുവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ എന്തെങ്കിലും ‘ഫോർമുല’ രൂപപ്പെടുത്താനായാൽ ചർച്ചയിലൂടെ പ്രശ്നപരിഹാരം സാധ്യമാണെന്നാണ് സി.പി.എം കരുതുന്നത്. പി.എം ശ്രീയിലെ വ്യവസ്ഥകൾ പരിശോധിക്കാൻ സി.പി.ഐ മന്ത്രിമാരുൾപ്പെടുന്ന വിദഗ്ധ സമിതിയുണ്ടാക്കി തൽക്കാലം മുഖം രക്ഷിക്കാനുള്ള അണിയറ നീക്കവും സി.പി.എം നടത്തുന്നുണ്ട്.
ഒപ്പിട്ട കരാറിൽനിന്ന് പിൻവാങ്ങാനാവില്ലെന്ന പൊതുവിലയിരുത്തലോടെ, ലഭിച്ച നിയമോപദേശമടക്കം ചർച്ച ചെയ്താവും സി.പി.ഐയുടെ തുടർനടപടി. സി.പി.എം നിർദേശപ്രകാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയതോടെ മന്ത്രിമാരെ പിൻവലിക്കലടക്കമുള്ള കടുത്ത നിലപാടിൽ സി.പി.ഐ അയവുവരുത്തിയിട്ടുണ്ട്. എന്നാൽ, മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിൽക്കലടക്കം പാർട്ടിയുടെ മുന്നിലുണ്ട്.
അതേസമയം, എസ്.എഫ്.ഐ അടക്കം ഇടതു വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെയും പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യാതെയും മുന്നണിയിൽ ധാരണയുണ്ടാക്കാതെയും പദ്ധതിയിൽ ഒപ്പുവെച്ചതിൽ സി.പി.എമ്മിലും അതൃപ്തി പുകയുകയാണ്. ഫണ്ട് നഷ്ടമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിയും ചില നേതാക്കളും ന്യായീകരണ വാദങ്ങൾ ഉയർത്തി വിയർക്കുന്നുണ്ടെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന ധാരണാപത്രത്തിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ നേതാക്കൾ പൊതുവിൽ മൗനത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായടക്കം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സർക്കാർ സംഘ്പരിവാറിന് കീഴടങ്ങിയെന്ന വിമർശനമുയർന്നിട്ടും പാർട്ടി വൃത്തങ്ങളിൽനിന്ന് കാര്യമായ പ്രതിരോധമുയർന്നിട്ടില്ല. സംഘ്പരിവാർ ആശയം കുത്തിനിറച്ച ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലേക്ക് ഒളിച്ചുകടത്തുന്നതിനെ തുറന്നെതിർത്തതിൽ പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചതിനാൽ സി.പി.ഐക്കിനി സി.പി.എം സമ്മർദത്തിന് മുന്നിൽ ഏകപക്ഷീയമായി മുട്ടുമടക്കാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.