ബിനീഷ് കോടിയേരി

പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ട് കാര്യമില്ല, കോൺഗ്രസുകാരന്റെ വീട്ടിൽ പോയാൽ പോരുന്നവഴി ബി.ജെ.പിക്ക് ഒരു നേതാവിനെ കിട്ടും -ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പരിഹാസവുമായി ബിനീഷ് കോടിയേരി. സാമൂഹികമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ബിനീഷ് കോടിയേരി പരിഹാസ രൂപേണ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്' എന്ന് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റൊരു പോസ്റ്റിൽ പിണറായിയുടെ 'വീട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സി.പി.ഐ.എം ആയിരിക്കും. വല്ല കോൺഗ്രസുകാരന്റെയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ ഇ.ഡി പോരുന്നവഴി ബി.ജെ.പിക്ക് ഒരു നേതാവിനെ കിട്ടും' എന്നും ബിനീഷ് പരിഹാസ രൂപേണ പറയുന്നുണ്ട്.

പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക്‌ കരിമണൽ ഖനന കമ്പനി സി.എം.ആർ.എല്ലിൽ നിന്നും മാസപ്പടിയായി 1.72 കോടി രൂപ വീണയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കേസിൽ വീണ 11-ാം പ്രതിയാണ്.

ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈകോടതിയെ സമീപിച്ചു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. തുടർന്നാണ് ഇന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തുന്നത്.

Tags:    
News Summary - Bineesh Kodiyeri mocks ED questioning of Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.