ബൈക്ക് മോഷണം: ചാവക്കാട് മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട്: ആറ് ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കളും 'തൊണ്ടി സാധനങ്ങള്‍' വാങ്ങി ആക്രിയാക്കുന്ന കച്ചവടക്കാരനും അറസ്റ്റില്‍. കുന്നംകുളം കല്ലഴിക്കുന്ന് പൂവന്തന്‍ വീട്ടില്‍ വിഷ്ണുജിത്ത് മോഹനന്‍ (19), എടക്കഴിയൂര്‍ നാലാംകല്ല് മുക്കിലപീടികയില്‍ മുഹമ്മദ് അക്മല്‍ സലീം (19)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ വാങ്ങുന്ന കുന്നംകുളം വടക്കാഞ്ചേരി റോഡിലെ ആക്രികച്ചവടക്കാരന്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി പുഴക്കല്‍ വീട്ടില്‍ ശിഹാബ് മുഹമ്മദിനേയും(23) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം ചാവക്കാട്, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് വിഷ്ണു ജിത്തിന്റെ നേതൃത്വത്തിലാണ് ബൈക്കുകള്‍ മോഷ്ടിക്കുന്നത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ വില്‍ക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഏതെങ്കിലും കുളങ്ങളില്‍ കൊണ്ടുപോയി തള്ളുകയാണിവരുടെ രീതി. അത്തരത്തില്‍ പെട്ട രണ്ട് ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ വിഷ്ണുജിത്തിനോട് നല്ല വഴിക്ക് നടക്കാന്‍ ശാസിച്ചുവെന്ന കാരണത്താല്‍ മൂന്ന് മാസം മുമ്പ് കേച്ചേരിയിലുള്ള സഹോദരി ഭര്‍ത്താവിന്റെ ബൈക്കും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

എടക്കഴിയൂര്‍ നാലാം കല്ല് ചിറക്കോലി വീട്ടില്‍ ആശിഖിന്‍റെ ബൈക്ക് നാല് ദിവസം മുന്‍പ് കാണാതായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് രാത്രിയാണ് മോഷണം പോയത്. ഈ ബൈക്കാണ് പിന്നീട് വടുതല ഉള്ളിശേരി പള്ളിക്കു സമീപത്തെ കുളത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

Tags:    
News Summary - BIke Theft Chavakkad-Three Arrest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.