പഴയ മോഡൽ വാഹനം നൽകി; ഡീലർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

കൊച്ചി: പഴയ മോഡൽ ബൈക്ക് നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ നൽകിയ പരാതിയിലാണ് ഡി.ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് ഉത്തരവിട്ടത്.

2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂനികോൺ ബൈക്ക് അങ്കമാലി ആര്യ ഭംഗി മോട്ടോഴ്സിൽ നിന്നും പരാതിക്കാരൻ ബുക്ക് ചെയ്തത്. 2018 മാർച്ചിൽ വാഹനം ലഭിച്ചെങ്കിലും ആർ.സി ബുക്കിൽ 2017 മോഡൽ വാഹനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ പുറത്തിറങ്ങിയ പഴയ വാഹനമാണ് പുതിയ മോഡൽ എന്ന വ്യാജേന ഡീലർ നൽകിയതെന്നും ഇത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിയിൽ പറയുന്നു.

ബുക്കിങ് സമയത്തും പണം നൽകിയപ്പോഴും വാഹനത്തിൻറെ മോഡൽ 2018 ആയിരുന്നു. എന്നാൽ ആർ.സി ബുക്ക് ലഭിച്ചപ്പോൾ 2017എന്നാണ് രേഖപ്പെടുത്തിയത്. പുതിയ മോഡൽ കാണിച്ച് പഴയ മോഡൽ നൽകി ഉപഭോക്താവിനെ കബളിപ്പിച്ച നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കോടതി കണ്ടെത്തി.

വാഹനത്തിന്റെ വിലയായ 85,660/- രൂപ ഡീലർ പരാതിക്കാരന് നൽകുമ്പോൾ പഴയവാഹനം തിരിച്ചു നൽകണം. നഷ്ടപരിഹാരവും കോടതി ചെലവിനത്തിലുമായി ഇരുപതിനായിരം രൂപ 9 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ആര്യഭംഗി മോട്ടോർസിന് കോടതി ഉത്തരവ് നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. ജോർജ് ചെറിയാൻ ഹാജരായി.

Tags:    
News Summary - Bike dealer ordered to pay One Lakh compensation for giving Old model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.