ബിജു രമേശിന്‍റേത് ഇരുതലമൂർച്ചയുള്ള ആയുധം, തലയൂരാനാകാതെ പിണറായിയും ചെന്നിത്തലയും

തിരുവനന്തപുരം: വിവാദ മദ്യ വ്യവസായി ബിജുരമേശിന്‍റെ ഓരോ വാർത്താസമ്മേളനങ്ങളും രാഷ്ട്രീയക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. ബാർകോഴക്കേസിൽ ചെന്നിത്തലക്കൊപ്പം സി.പി.എമ്മിനേയും പിണറായി വിജയനേയും വെട്ടിലാക്കിക്കൊണ്ടാണ് ബിജുരമേശിന്‍റെ ഇന്നത്തെ വാർത്താസമ്മേളനം. കെ.എം മാണി, രമേശ് ചെന്നിത്തല, വി. എസ് ശിവകുമാർ, കെ. ബാബു എന്നീ യു.ഡി.എഫ് നേതാക്കൾക്കെതിരെ നേരത്തേ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേസിൽ നിന്ന് പിന്മാറരുതെന്ന് തന്നോട് ആവശ്യപ്പെട്ട പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നാണ് ബിജു രമേശിന്‍റെ ആരോപണം. കെ.എം മാണി പിണറായിയോട് വിളിച്ച് ഇഡ്ഢലി കഴിക്കാൻ വരട്ടെ എന്ന് ചോദിച്ചു. കാപ്പി കഴിച്ച് മാണി മടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി.ജി.പിയുടെ ഓഫീസിലേക്ക് കോൾ പോയി. മാണി സാറിനെതിരായ കേസ് അന്വേഷിക്കേണ്ട എന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നാണ് ബിജു രമേശിന്‍റെ ആരോപിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ചിരിക്കുന്നത് അഴിമതി ആരോപണം മാത്രമല്ല, തനിക്കെതിരെ മൊഴി നൽകാതിരിക്കാൻ ചെന്നിത്തലയും ഭാര്യയും കാല് പിടിക്കുന്നതുപോലെ ഫോണിൽ അഭ്യർഥിച്ചു എന്നാണ്. "അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത്" എന്നെല്ലാം ഭാര്യ പറഞ്ഞു. 11.30 മണിയോടെ സുഹൃത്തിന്‍റെ ഫോണിൽ നിന്നും ചെന്നിത്തല നേരിട്ട് വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു എന്നിവയാണ് ആരോപണങ്ങൾ. ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ വട്ടം കൂട്ടുന്നതിനിടയിലാണ് ബിജു രമേശിന്‍റെ സുപ്രധാനമായ വെളിപ്പെടുത്തൽ.

തിരുത്തൽവാദി പ്രസ്ഥാനം വരും വരെ തിരുവനന്തപുരത്ത് വന്നാൽ തന്‍റെ വാഹനം ഉപയോഗിച്ചിരുന്ന ചെന്നിത്തല അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയിൽ പറഞ്ഞപ്പോഴാണ് രഹസ്യമൊഴിയിൽ നിന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയുടെ പേര് ഒഴിവാക്കിയത്. പിന്നീട് ശങ്കർ റെഡ്ഡിയെക്കൊണ്ട് കേസെടുപ്പിച്ച് രമേശ് ചെന്നിത്തല തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും ബിജു രമേശ് പറയുന്നു.

അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലക്ക് കെ.പി.സി.സി ഓഫീസില്‍ രണ്ടുകോടി രൂപ എത്തിച്ചു നല്‍കിയെന്നും ഇതുകൂടാതെ ചെന്നിത്തലക്ക് മാത്രമായി 1 കോടി നൽകിയെന്നുമായിരുന്നു നേരത്തേ ബിജു രമേശ് പറഞ്ഞത്. ഇക്കാര്യം ബിജു രമേശ് പലതവണ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കേസിൽ തന്‍റെ രഹസ്യമൊഴി എടുക്കുന്നതിന് മുൻപ് കേസ് അട്ടിമറിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണം കൂടി ചെന്നിത്തലക്കെതിരെ ഇന്ന് ബിജു രമേശ് ഉന്നയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ ഭാര്യ, ഗൺമാൻ, അഭിഭാഷകന്‍റെ മകൻ എന്നിവർ വഴിയും ചെന്നിത്തല സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ബിജുരമേശ് വെളിപ്പെടുത്തുന്നു.

ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്.​ ശി​വ​കു​മാ​ർ, കെ. ​ബാ​ബ​ു എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിക്കഴിഞ്ഞിരിക്കുന്നു. ഗവർണർ കൂടി സമ്മതം നൽകിയാൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകും. ഈ പശ്ചാത്തലത്തിലാണ് ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.