കൊല്ലം: സ്കൂൾ കെട്ടിടത്തിന് സമീപത്തൂടെ വലിച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്‍റെ കുടുംബത്തിന് വീടായി. പണ്ട് തന്‍റെ കുടിലിലെ ചുവരിൽ മിഥുൻ വരച്ചുവെച്ച, അവൻ ആഗ്രഹിച്ച വീടാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. വീടിന്‍റെ താക്കോൽദാനം ശനിയാഴ്ച നടക്കും.
നാടിനെ കണ്ണീരണിയിച്ച സംഭവത്തിന് ശേഷം മിഥുന്‍റെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിനെ വീട് നിർമാണ ചുമതല ഏൽപിച്ചത്. നിർമാണം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച് ‘മിഥുന്റെ വീട്, എന്‍റെയും’ എന്ന പദ്ധതിയിലൂടെ പൂർത്തീകരിച്ചു.
1000 സ്ക്വയർ ഫീറ്റിൽ പണിത വീടിനുള്ള മുഴുവൻ തുകയും സംസ്ഥാനത്തെ സ്കൗട്ട്സ് ആൻഡ് ഗൈഡ് അസോസിയേഷനാണ് സമാഹരിച്ചതെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ആർ. അജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളിൽ നിന്ന് പിരിവെടുത്തിട്ടില്ല.
ശനിയാഴ്‌ച രാവിലെ ഒമ്പതിന് കൊല്ലം പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്‍റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനവും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ താക്കോൽ കൈമാറ്റവും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ല അസോസിയേഷൻ സെക്രട്ടറി ആർ. ഹിതേഷ്, അഡൾട്ട് റിസോഴ്സ് സ്കൗട്ട് ജില്ല കമീഷണർ അലക്സ് പി. വർഗീസ്, സ്കൗട്ട് ജില്ല കമ്മീഷണർ അൻവർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ജൂലൈയിലായിരുന്നു ദാരുണ സംഭവം. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ ബെഞ്ചും ഡെസ്കും ചേർത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.