സ്കൂളിനടുത്ത് മദ്യഷാപ്പ്; അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ 

തിരുവനന്തപുരം: നന്തൻകോട് നളന്ദ റോഡിൽ സ്ഥാപിച്ച ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.  വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഔട്ട്ലറ്റ് കോര്‍പറേഷന്‍ പൂട്ടിച്ചു. 

ഔട്ട്ലറ്റ് ആരംഭിച്ച ഇരുനില കെട്ടിടത്തിന് തൊട്ടടുത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

ബേക്കറി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റ് കഴിഞ്ഞ 31നാണ് നന്തൻകോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മദ്യശാല ആരംഭിക്കുന്ന വിവരം അറിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഒന്നാം തീയതിയായതിനാൽ ഔട്ട്ലറ്റിന് അവധിയായിരുന്നു. ഇന്ന് രാവിലെ തുറക്കാൻ ജീവനക്കാരെത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും സ്കൂളിലെ പെൺകുട്ടികളും എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.


അതേസമയം, കോടതി നിര്‍ദേശപ്രകാരം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ നിയമപ്രകാരം മുന്നോട്ടുപോകുമെന്ന് ബെവ്കോ എം.ഡി എച്ച്. വെങ്കിടേഷ് പറഞ്ഞു. അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെയും നിയമപ്രകാരം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bevco shops near school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.